തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായിരുന്ന പെരുമ്പുഴ ഗോപാലകൃഷ്ണൻ (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. സിപിഐ നേതാവായിരുന്ന പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ജോയിൻ്റ് കൗൺസിൽ നേതാവ്, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗം, സിപിഐ മുഖവാരികയായ നവയുഗം പത്രാധിപ സമിതിയംഗം, ഇപ്റ്റ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ശിവതാണ്ഡവം, ശ്രീദേവി, പൊന്മുടി, കെണി, ഒരു വാക്ക് പറഞ്ഞെങ്കിൽ, തീരം തേടുന്ന തിരകൾ തുടങ്ങിയ ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചു. എം.ബി ശ്രീനിവാസൻ, ജി. ദേവരാജൻ, ജിതിൻ ശ്യാം തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ലളിതഗാനങ്ങളും പെരുമ്പുഴയുടെ രചനയിൽ പിറന്നു. 'മുരളിക പോലും അറിയാതെ...' എന്ന പ്രസിദ്ധ ലളിതഗാനം അദ്ദേഹത്തിന്‍റെ രചനയാണ്. പി. ഭാസ്കരന്‍റെയും ജി. ദേവരാജന്‍റെയും ജീവചരിത്രങ്ങളും പെരുമ്പുഴ ഗോപാലകൃഷ്ണന്‍റെ സൃഷ്‌ടിയാണ്. ഇടപ്പഴഞ്ഞി സിഎസ്എം നഗറിലായിരുന്നു താമസം. പരേതയായ സി.കെ ലില്ലിയാണ് ഭാര്യ. ബിജു, സോജു എന്നിവർ മക്കളാണ്.