തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനം തീയേറ്ററുകളെല്ലാം ഹൗസ് ഫുള്‍. രാവിലെ 10.30യുടെ ഷോ കാണാന്‍ എത്തിയവരില്‍ പലരും നിരാശരായി മടങ്ങി. സിനിമക്കുള്ളിലെ സിനിമ പ്രമേയമാകുന്ന ഡച്ച് ചിത്രം നോക്ടേൺ കാണാൻ സിനിമാ പ്രേമികളുടെ നീണ്ട നിരയായിരുന്നു ശ്രീ തീയേറ്ററിന് മുമ്പില്‍ ഉണ്ടായിരുന്നത്. 10.30ക്ക് ആരംഭിക്കുന്ന ഷോക്കായി ഏറെ നേരം മുമ്പെ കാണികള്‍ എത്തി സ്ഥാനമുറപ്പിച്ചിരുന്നു. ഡെലിഗേറ്റുകളില്‍ പലരും സിനിമകള്‍ കാണാന്‍ സാധിക്കാതെ നിരാശരായി മടങ്ങി. ഒരു തീയേറ്ററിലെ മാത്രം കാഴ്ചയായിരുന്നില്ല ഇത്. മറ്റ് തീയേറ്ററുകളിലും സമാനസ്ഥിതി തന്നെയായിരുന്നു. കൈരളിയിൽ പ്രദർശിപ്പിച്ച ബേണിങ് ഗോസ്റ്റ് എന്ന ചിത്രത്തിനും ഡെലിഗേറ്റുകളുടെ നീണ്ട നിരയുണ്ടായിരുന്നു.
ആദ്യദിവസം തന്നെ തീയേറ്ററുകള്‍ ഹൗസ്‌ഫുള്‍ ആയതിന് പിന്നില്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ നിലവാരം തന്നെയാണെന്ന് ഡെലിഗേറ്റുകള്‍ പറയുന്നു. റോട്ടർഡാം ഫെസ്റ്റിൽ അടക്കം മികച്ച പ്രതികരണം നേടിയ നോക്‌ടേൺ സംവിധാനം ചെയ്തിരിക്കുന്നത് വിക്ടർ വാൻ ഡെർ വാക്കാണ്.