കണ്ണൂർ: മമ്മൂട്ടിയുടെ വർക്ക് ഔട്ട് ചിത്രം വലിയ തരംഗമായിരുന്നു. സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയ മെഗാസ്റ്റാറിന്‍റെ ലുക്കിന് ശേഷം താടിയില്ലാത്ത ലാലേട്ടൻ ലുക്കും ശ്രദ്ധനേടുകയാണ്. ജീത്തു ജോസഫിന്‍റെ ദൃശ്യം 2വിലെ ജോർജ് കുട്ടിയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ലോക്ക് ഡൗൺ കാലത്ത് നീട്ടി വളർത്തിയിരുന്ന താടി മാറ്റി കഥാപാത്രത്തിനാവശ്യമായ ലുക്കിലേക്കാണ് മോഹൻലാൽ മാറിയത്.
മോഹൻലാൽ സ്വന്തമായി സംവിധാനം ചെയ്യുന്ന 'ബറോസി'ല്‍ താരം താടി നീട്ടി വളർത്തിയായിരിക്കും പ്രത്യക്ഷപ്പെടുന്നതെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇതിനിടക്ക് ദൃശ്യം 2വിന്‍റെയും ചിത്രീകരണം എത്തിയതോടെയാണ് വീണ്ടും ജോർജ്‌കുട്ടി ലുക്കിലേക്കുള്ള ലാലേട്ടന്‍റെ രൂപമാറ്റം.
ആശീർവാദ് സിനിമാസിന് വേണ്ടി ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ദൃശ്യം 2 ക്രൈം ത്രില്ലറായാണ് ഒരുക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ സിനിമ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ചിത്രീകരിക്കുന്നതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. 2013 ഡിസംബറിൽ റീലീസ് ചെയ്ത ദൃശ്യം തിയേറ്ററുകളിൽ വൻ ഹിറ്റായിരുന്നു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ പുതിയ പതിപ്പിലും അദ്ദേഹം തന്നെയാണ് സംവിധായകൻ.