ഏറെ നാളുകളായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ആറാട്ട് എന്നാണ് സിനിമയുടെ പേര്. ദൃശ്യം രണ്ടാംഭാഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായതിനാല്‍ മോഹന്‍ലാല്‍ ഇനി ആറാട്ടിന്‍റെ ഷൂട്ടിങ് തിരക്കുകളിലാകും. നെയ്യാറ്റിന്‍കര ഗോപനായി ലാലേട്ടന്‍ 2255 എന്ന നമ്പറിലുള്ള കറുത്ത ബെന്‍സ് കാറില്‍ വന്നിറങ്ങുന്നത് കാണാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.
നെയ്യാറ്റിന്‍കര ഗോപനെന്ന കഥാപാത്രം പോലെ തന്നെ നായകന്‍റെ കറുത്ത ബെന്‍സിനും കൂളിങ് ഗ്ലാസിനും സിനിമയില്‍ വലിയ പ്രധാന്യമുണ്ട്. മോഹന്‍ലാലിന്‍റെ ഏറ്റവും ജനപ്രീതി നേടിയ ഡയലോഗായ 'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255' എന്ന ഡയലോഗിലെ '2255' എന്ന ഫാന്‍സി നമ്പറാണ് നെയ്യാറ്റിന്‍കര ഗോപനെന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ബെന്‍സിന്‍റെ നമ്പറെന്നതും ശ്രദ്ധേയമാണ്.
ഉദയ്‌കൃഷ്ണയാണ് ആറാട്ടിനായി രചന നിര്‍വഹിക്കുന്നത്. കോമഡി, ആക്ഷന്‍ എന്നീ ചേരുവകളെല്ലാം ചേര്‍ന്ന മാസ് പടമായിരിക്കും ആറാട്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. പാലക്കാടായിരിക്കും സിനിമയുടെ ഷൂട്ടിങ് നടക്കുക. സിനിമയിൽ ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്‌കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല തുടങ്ങിയവരും അഭിനയിക്കും. ഹൈദരാബാദിലും ചിത്രത്തിന്‍റെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യും.