കോട്ടയം: കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന വീഴ്‌ചകൾ മൂലം ലഹരിയിലേക്ക് അഭയം തേടുന്ന യുവാവിന്‍റെ കഥ പറയുന്ന പുതിയ ചിത്രവുമായാണ് എം.ജി സർവകലാശാലയുടെ രണ്ടാം വരവ്. മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി ക്രിയേഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന പുതിയ ചിത്രം ' ട്രിപ്പ്' പ്രദർശനത്തിന് എത്തി. യുവതലമുറയുടെ മയക്കുമരുന്ന് ഉപയോഗവും അതിന്‍റെ ദോഷവശങ്ങളും ഇതുവഴി ഉണ്ടാകുന്ന സാമൂഹിക, കുടുംബ പ്രശ്‌നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. നവാഗതരായ അൻവർ അബ്ദുള്ളയും എം.ആർ. ഉണ്ണിയുമാണ് ട്രിപ്പ് സംവിധാനം ചെയ്യുന്നത്. എം.ആർ. ഉണ്ണിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് അൻവർ അബ്ദുള്ളയാണ്. ട്രിപ്പിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. വൈക്കം വിജയലക്ഷ്‌മി, പ്രീത, ജാസി ഗിഫ്റ്റ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
കണ്ണൂർ മുതൽ വർക്കല വരെയുള്ള കേരളത്തിന്‍റെ തീരപ്രദേശത്ത് കൂടിയുള്ള യാത്രയായാണ് ട്രാവൽ മൂവിയുടെ കഥ മുന്നോട്ട് പോകുന്നത്. ഏറ്റുമാനൂർ യു.ജി.എം. തിയേറ്ററിൽ നടന്ന റിലീസ് ചടങ്ങിൽ നടനും നിർമാതാവുമായ പ്രേംപ്രകാശ്, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, ഡോ. സന്തോഷ് പി. തമ്പി, കൂടാതെ, ചിത്രത്തിന്‍റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്തു.