എറണാകുളം: സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ താൽപര്യമില്ലെന്ന് നടൻ മമ്മൂട്ടി. ആരും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് രാഷ്ട്രീയ നിലപാടുണ്ടെന്നും തൽക്കാലം മത്സരരംഗത്തേക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു.
ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തും. കൊവിഡിനെ തുടർന്ന് തിയേറ്ററുകളിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ കാരണമാണ് ചിത്രത്തിന്‍റെ റിലീസ് വൈകിയത്. നവാഗതനായ ജോഫിൻ ടി. ചാക്കോയാണ് ദി പ്രീസ്റ്റ് സംവിധാനം ചെയ്തത്.
മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യണമെന്ന് അഭിനയം തുടങ്ങിയത് മുതൽ ആഗ്രഹിച്ചിരുന്നുവെന്ന് നടി മഞ്ജു വാര്യർ പറഞ്ഞു. പലപ്പോഴും അവസരങ്ങൾ ഒത്തുവന്നെങ്കിലും അത് നടക്കാത്തതിൽ തനിക്ക് സങ്കടമുണ്ടായിരുന്നു. മമ്മൂക്കയോടൊപ്പമുള്ള ആദ്യ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്നും മഞ്ജു വാര്യർ വിശദമാക്കി.
സെക്കൻഡ് ഷോ കൂടി അനുവദിച്ച സാഹചര്യത്തിൽ ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്ന് ദി പ്രീസ്റ്റിന്‍റെ അണിയറ പ്രവർത്തകരും വ്യക്തമാക്കി. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആർഡി ഇല്യുമിനേഷൻസിന്‍റെയും ബാനറിൽ അന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.