മലയാള സാംസ്‌കാരിക ചരിത്രത്തിൽ നവോത്ഥാനത്തിന്‍റെ അലയൊലികൾ പ്രതിധ്വനിക്കുമ്പോൾ കെപിഎസിയുടെ രണ്ടാമത്തെ നാടകവും അതിന് പിന്നിൽ തൂലിക ചലിപ്പിച്ച ഒരു വിപ്ലവകാരിയുമുണ്ടായിരുന്നു. വൈദ്യനാകാന്‍ പുറപ്പെട്ട് വിപ്ലവകാരിയായി മാറിയ തോപ്പില്‍ ഭാസി. സാഹിത്യ കലാകാരൻ ഒളിവിലിരുന്നെഴുതി തയ്യാറാക്കിയ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാലായിരത്തിലേറെ വേദികളിലാണ് കെപിഎസി അവതരിപ്പിച്ചത്.
മലയാള നാടക ചരിത്രത്തിലെ അതികായനായ തോപ്പില്‍ ഭാസി അരങ്ങിനും അഭ്രപാളിക്കും വേണ്ടി എഴുതിയിട്ടുണ്ട്. നാടകത്തിലെ വിജയം കാമറക്ക് മുന്നിലേക്കും ആവർത്തിച്ചു. നാടകം, തിരക്കഥ, ചെറുകഥ, ആത്മകഥ… എഴുത്തിൽ മാത്രമല്ല, ഒട്ടനവധി ചലച്ചിത്രങ്ങൾ സംവിധാനം ചെയ്‌തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. കലയിലും ജീവിതത്തിലും വിപ്ലവ നേതാവായിരുന്ന തോപ്പിൽ ഭാസിയുടെ സംഭാവനകൾ ഇവിടെ അവശേഷിക്കുമ്പോൾ, അദ്ദേഹത്തിന്‍റെ ഓർമകൾക്ക് ഇന്ന് 28 വയസ്.
1924 ഏപ്രില്‍ എട്ടിന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത്, പരമേശ്വരൻ പിള്ള- നാണിക്കുട്ടി അമ്മ ദമ്പതികളുടെ മകനായി ജനിച്ചു. വള്ളിക്കുന്നം എസ്എൻഡിപി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങൻകുളങ്ങര സംസ്‌കൃത സ്‌കൂളിൽ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിന്ന് വൈദ്യകലാനിധി പാസായി. പഠനകാലത്ത് വിദ്യാര്‍ഥി കോണ്‍ഗ്രസില്‍ അംഗമായിരുന്ന ഭാസി സ്വാതന്ത്ര്യസമരത്തിലും ഭാഗമായി. 1946ലെ പുന്നപ്ര വയലാര്‍ സമരത്തോടെ കോണ്‍ഗ്രസില്‍ നിന്ന് മാറി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.
ഭൂവുടമകള്‍ക്കെതിരെ കര്‍ഷകരെ അണിനിരത്തി നടത്തിയ സമരത്തിൽ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഒളിവില്‍ പോയി. ഈ സമയത്ത് 'മുന്നേറ്റം' എന്ന നാടകവും 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകവും രചിച്ചു. 1952 ഡിസംബര്‍ ആറിന് കെപിഎസി നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തെ അവതരിപ്പിച്ചു. സാമൂഹിക- രാഷ്‌ട്രീയ രംഗത്ത് തന്നെ മുന്നേറ്റം സൃഷ്‌ടിച്ച, തോപ്പിൽ ഭാസിയുടെ തൂലികയുടെ തീച്ചൂള അറിഞ്ഞ നാടകം കെപിഎസിയെയും പ്രശസ്‌തമാക്കി.
നാടകം ജനഹൃദയങ്ങളിലേക്ക് പതിയവേ സര്‍ക്കാര്‍ നിരോധനം ഏർപ്പെടുത്തിയെങ്കിലും ഹൈക്കോടതിയുടെ അനുകൂല വിധി നേടി നാടകാവതരണം തുടര്‍ന്നു. ശേഷം, കെപിഎസിയുടെ 18 നാടകങ്ങളുടെ രചയിതാവ് തോപ്പില്‍ ഭാസിയായിരുന്നു.
മുടിയനായ പുത്രന്‍, അശ്വമേധം, പുതിയ ആകാശം പുതിയ ഭൂമി, സര്‍വേക്കല്ല്, മൂലധനം എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് പ്രധാന നാടകങ്ങൾ. 1957ലെ പൊതു തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും വിജയിച്ച് ഒന്നാം കേരള നിയമസഭയിൽ അംഗമായി. രണ്ട് തവണ നിയമസഭാംഗമായിരുന്നു തോപ്പിൽ ഭാസി. വള്ളികുന്നം പഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡന്‍റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിന്‍റെ വിജയചരിത്രം 1970 സെപ്‌തംബർ 11ന് സിനിമയിലും പരീക്ഷിച്ചു. കഥയിലും സംഭാഷണത്തിലും സംവിധാനത്തിലും തോപ്പിൽ ഭാസി മികവ് പുലർത്തിയപ്പോൾ വയലാർ- ദേവരാജൻ കൂട്ടുകെട്ടിൽ സംഗീതവും നസീർ, കെ.പി ഉമ്മർ, കെപിഎസി ലളിത, സത്യൻ, വിജയകുമാരി, ജയഭാരതി, ഷീല തുടങ്ങിയ പ്രഗത്ഭ കലാകാരാന്മാരിലൂടെ അഭിനയനിരയും സിനിമാപ്രേക്ഷകരെ സ്വാധീനിച്ചു. അങ്ങനെ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി സിനിമയും ചരിത്രം സൃഷ്‌ടിച്ചു.
നൂറിലധികം സിനിമകള്‍ക്ക് തിരക്കഥയും 16 സിനിമകളുടെ സംവിധാനവും നിർവഹിച്ച തോപ്പിൽ ഭാസി, കേരള സാംസ്‌കാരിക ചരിത്രത്തിന്‍റെ ഒരു അടയാളമായി മാറുക കൂടിയായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്‌കാരങ്ങളിലൂടെ തോപ്പിൽ ഭാസിയെ കലാലോകം ആദരിച്ചിട്ടുണ്ട്. അരങ്ങിലെയും അഭ്രപാളിയിലെയും വിപ്ലവ ശബ്‌ദം, രാഷ്ട്രീയക്കാരിലെ കലാകാരൻ 1992 ഡിസംബര്‍ എട്ടിന് ജീവിതത്തിലെ ജൈത്രയാത്ര അവസാനിപ്പിച്ച് വിടവാങ്ങി.