തൃശൂർ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) അതീവ ഗുരുതരാവസ്ഥയിൽ. നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ സച്ചി ചികിത്സയിലാണ്. നടുവിന് നടത്തുന്ന സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുക ആയിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിക്കുന്നില്ല. 48- 72 മണിക്കൂറിന് ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടോയെന്ന് വ്യക്തമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അനാർക്കലി, അയ്യപ്പനും കോശിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സച്ചി. ഇവയുടെ തിരക്കഥ ഒരുക്കിയതും സച്ചിയാണ്. 2007ൽ പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം സഹ തിരക്കഥാകൃത്തായാണ് സച്ചി മലയാള സിനിമയിൽ എത്തുന്നത്. 2012ൽ റൺ ബേബി റൺ ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി മാറി. ദിലീപ് ചിത്രം രാമലീല, പൃഥിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തിയ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ തിരക്കഥാകൃത്തായും സച്ചി പ്രവർത്തിച്ചു.