ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സിനായി എഴുത്തുകാരനായ എം.ടി വാസുദേവന്‍ നാരുടെ കഥകള്‍ കോര്‍ത്തിണക്കി ആന്തോളജി റിലീസ് ചെയ്യാനൊരുങ്ങുന്നു. ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് ഇക്കാര്യം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസ് വഴി അറിയിച്ചത്.
എട്ട് കഥകള്‍ ചേര്‍ത്ത് വെച്ചാണ് ആന്തോളജി ഒരുക്കുന്നത്. സന്തോഷ് ശിവന്‍റെ ചെറു ചിത്രത്തില്‍ നടന്‍ സിദ്ദിഖാണ് കേന്ദ്രകഥാപാത്രമാകുന്നത്. മറ്റ് ചിത്രങ്ങള്‍ ആരൊക്കെയാണ് സംവിധാനം ചെയ്യുന്നത് അഭിനയിക്കുന്നത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരണം വരാന്‍ കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് സന്തോഷ് ശിവന്‍റെ ചിത്രം പറയുക.
സന്തോഷ് ശിവന്‍റെ വാക്കുകള്‍
'എന്‍റെ അടുത്ത പ്രോജക്റ്റ് എം.ടി വാസുദേവന്‍ നായരുടെ അഭയം തേടി.... നെറ്റ്ഫ്ളിക്‌സിന് വേണ്ടി ചെയ്യാന്‍ പോവുകയാണ്. അമൂര്‍ത്തമായ ഒരു ആശയമാണ് ചിത്രത്തിന്. സിദ്ദിഖിനെയാണ് ഞാന്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും അത്. ഇതിനകത്ത് അങ്ങനെ കഥയായിട്ടൊന്നുമില്ല. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ്. ഇത് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. ആ ചലഞ്ച് ഏറെ ആവേശപ്പെടുത്തുന്ന ഒന്നാണ്... നെറ്റ്ഫ്ലിക്‌സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമില്‍ ഒരുപാട് എക്സ്പ്ലോര്‍ ചെയ്യാനുണ്ട്. അന്തര്‍ദേശീയ പ്രേക്ഷകരിലേക്ക് എത്തിച്ചേരാന്‍ ഇതിലൂടെ സാധിക്കും.' സന്തോഷ് ശിവന്‍ പറഞ്ഞു.
Also read: പാപനാശം 2 തുടങ്ങിയിട്ടില്ല ; വാർത്തകൾ നിഷേധിച്ച് ജീത്തു ജോസഫ്
സന്തോഷ് ശിവന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍
മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ജാക്ക് ആന്‍റ് ജില്ലാണ് സന്തോഷ് ശിവന്‍റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രം. കൊവിഡ് മൂലമാണ് ചിത്രത്തിന്‍റെ റിലീസ് വൈകുന്നത്. മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ ഛായാഗ്രഹകന്‍ കൂടിയാണ് സന്തോഷ് ശിവന്‍.