സകലകലാവല്ലഭൻ, അസാധ്യമായതൊന്നുമില്ലെന്നത് എസ്.പി.ബിയുടെ വിജയം വിളിച്ചുപറയുന്നു. ഗായകനായും സംഗീത സംവിധായകനായും രജനികാന്ത്, കമൽ ഹാസൻ, സൽമാൻ ഖാൻ, അനിൽ കപൂർ, ജമിനി ഗണേശൻ, അർജുൻ, ഗിരീഷ് കർണാട് തുടങ്ങി പ്രമുഖ താരങ്ങളുടെ ശബ്‌ദമായും എസ്.പി. ബാലസുബ്രഹ്മണ്യം പല ഭാഷകളിലും പ്രതിഭ തെളിയിച്ചു. ഇതിഹാസകലാകാരന്‍റെ വിജയചരിത്രങ്ങൾ ഇതിൽ മാത്രമൊതുങ്ങുന്നില്ല. അഭ്രപാളിക്ക് മുൻപിലും എത്രയോ വെട്ടം പ്രേക്ഷകൻ എസ്.പി.ബിയെ കണ്ടിരിക്കുന്നു. അച്ഛനായും മാജിക് മുത്തശ്ശനായും ഡോക്‌ടറായും പൊലീസുകാരനായും അതിഥി വേഷങ്ങളിലും തമിഴിലും തെലുങ്കിലും കന്നഡയിലും അദ്ദേഹം തകർത്തഭിനയിച്ചു. അങ്ങനെ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകനെന്ന ബഹുമതിയും എസ്‌പിബിക്ക് സ്വന്തം. കൂടാതെ, സിനിമയിലെ ഗാനരംഗങ്ങളിൽ എസ്.പി ബാലസുബ്രഹ്മണ്യമായി പ്രത്യക്ഷപ്പെട്ട് അഭിനയകലയോടുള്ള അഭിനിവേശത്തെ അയാൾ പരിപോഷിപ്പിച്ചുകൊണ്ടുമിരുന്നു. 72 സിനിമകളിലാണ് എസ്.പി.ബി അഭിനയിച്ചിട്ടുള്ളത്.
സിനിമയുടെ മിക്ക മേഖലകളിലും തന്‍റെ സാന്നിധ്യമറിയിക്കാൻ അതുല്യനായ ആ കലാകാരനുള്ളിലെ സാഹസികത പരിശ്രമിച്ചിട്ടുണ്ട്. സിനിമ കൂടാതെ, തമിഴിലും തെലുങ്കിലുമായി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു.
മുഹമ്മദ് ബിൻ തുഗ്ലക്ക്, മനതിൽ ഉരുതി വീണ്ടും, കേളടി കണ്മണി, സികരം, ഗുണാ, തലൈവാസൽ, ഭരതൻ, തിരുടാ തിരുടാ, പാട്ടു പാടവാ, കാതലൻ, കാതൽ ദേശം, അവൈ ശൺമുഖി, ഉല്ലാസം, മിൻസാരക്കനവ്, പ്രിയമാണവളെ, ഏപ്രിൽ മാദത്തിൽ, മാജിക് മാജിക് 3ഡി, തിരുടൻ, തുടങ്ങിയ തമിഴ് ചലച്ചിത്രങ്ങൾ...കല്ലു, പ്രേമ, രാജഹംസ, മൈന, സന്ദർഭ, മാഗല്യം തന്തുനാനേന, ആരോ പ്രാണം, കല്യാണോത്സവ അങ്ങനെ ഒരുപിടി തെലുങ്ക്, കന്നഡ ചിത്രങ്ങൾ.
നദി എങ്കേ പോകിരത്, ജന്നൽ, അഴക്, എന്തരോ മഹാനുഭാവുനു എന്നീ സീരിയലുകൾ കന്നഡയിലും തെലുങ്കിലും തമിഴ് ഭാഷകളിലും. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിലെത്തിയ എസ്.പി.ബി തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ ആസ്വാദകന് ഭാവങ്ങളുടെ വിരുന്നൊരുക്കി കൈയടി നേടുകയായിരുന്നു.. മുഖത്തെ ചെറുപുഞ്ചിരിയും ഇന്ത്യൻ സംഗീതത്തെ സമ്പുഷ്‌ടമാക്കിയ ഭാവശബ്‌ദവും പ്രിയപ്പെട്ട അഭിനേതാവെന്ന ടാഗ് ലൈനും ഗായകന് പ്രേക്ഷകർ പതിച്ചുനൽകി.