കൂടത്തായി കൊലപാതക പരമ്പരയെ ആസ്‌പദമാക്കിയുള്ള സീരിയൽ സംപ്രേഷണം ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്‌ചത്തേക്കാണ് സ്റ്റേ. കേസിലെ സാക്ഷി മുഹമ്മദ് ബാവ സമർപ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന 'കൂടത്തായി: ഗെയിം ഓഫ് ഡെത്ത്' എന്ന സീരിയലാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് മരണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അത് ആരോപിതര്‍ക്ക് വിപരീതഫലമാകും നല്‍കുകയെന്നും സീനിയര്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി വാദിച്ചു. സീരിയല്‍ വിധിന്യായത്തെ തടസപ്പെടുത്തുന്നതാകുമെന്ന കോടതി വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സംപ്രേക്ഷണത്തിന് സ്റ്റേ നല്‍കിയത്.
കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും നിര്‍മിക്കുന്നതിനെതിരെ റോയി തോമസിന്‍റെ സഹോദരി രഞ്ജി തോമസും റോയി തോമസിന്‍റെ മക്കളുമാണ് കോടതിയെ സമീപിച്ചത്. പൊന്നാമറ്റം വീട്ടിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ സിനിമയും സീരിയലും ആകുന്നതോടെ കുട്ടികള്‍ മാനസികമായി തളരുമെന്ന് ഭയപ്പെട്ടാണ് ഹര്‍ജി നല്‍കിയതെന്ന് രഞ്ജി നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ ആറ് കേസുകളില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ട്രയല്‍ പോലും ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും വരുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന ഭയവും കുടുംബാംഗങ്ങള്‍ക്കുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്.