അതിതീവ്രമായ പ്രണയം സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ച ചിത്രമായിരുന്നു 1997ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'ടൈറ്റാനിക്'. പുതുതലമുറയില്‍ പോലും നിരവധി ആരാധകരാണ് ടൈറ്റാനിക്കിനുള്ളത്. കേന്ദ്രകഥാപാത്രങ്ങളായ ജാക്കും റോസും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍... ചിത്രത്തില്‍ റോസായി വേഷമിട്ട നടി കേറ്റ് വിന്‍സ്ലറ്റ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഉണ്ടായ ഒരു അനുഭവം മാധ്യമങ്ങളോട് പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.
'രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇന്ത്യയിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. ഹിമാലയം സന്ദർശിക്കുന്നതിനിടെ ഒരു വൃദ്ധൻ എന്‍റെ അടുത്തേക്ക് വന്നു. 85ന് മുകളില്‍ പ്രായം തോന്നിക്കും. അദ്ദേഹത്തിന് ഒരു കണ്ണ് കാണില്ല. ഊന്നുവടിയുടെ സഹായത്താലാണ് നടക്കുന്നത്. എന്‍റെ മുഖത്തേക്ക് നോക്കി അദ്ദേഹം ചോദിച്ചു.... നിങ്ങൾ റോസ് അല്ലേ... ടൈറ്റാനിക്കിലെ? വീണ്ടും അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. എനിക്ക് കരച്ചിലടക്കാൻ സാധിച്ചില്ല... ഞാൻ പൊട്ടിക്കരഞ്ഞു. ലോകത്തെവിടെപ്പോയാലും ടൈറ്റാനിക് അവിടെയുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ ഇതിൽപ്പരം എന്ത് ആനന്ദമാണ് എനിക്ക് ലഭിക്കാനുള്ളത്....' താരം പറഞ്ഞു.
അതിമനോഹരമായ പ്രണയകാവ്യമായാണ് സിനിമകളെ പ്രേമിക്കുന്നവര്‍ ടൈറ്റാനിക്കിനെ കാണുന്നത്. ടൈറ്റാനിക്ക് കപ്പല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ജെയിംസ് കാമറൂണ്‍ തീര്‍ത്ത ദൃശ്യവിസ്മയം. ലിയാനാർഡോ ഡികാപ്രിയോയായിരുന്നു ചിത്രത്തിലെ നായകൻ. അനശ്വര പ്രേമത്തിന്‍റെ ഉത്തമ ഉദാഹരണമായി ഇന്നും ജാക്കും-റോസും ജീവിക്കുകയാണ്. ടൈറ്റാനിക്കിന് കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്.