കലാഭവൻ മണിയെപ്പറ്റി യൂട്യൂബ് വ്ളോഗർമാർ കള്ളങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് തുറന്നുപറഞ്ഞ് നടന്‍റെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണൻ. മണിച്ചെട്ടനെ കുറിച്ച് ചെയ്യുന്ന ചില യൂ ട്യൂബ് ചാനലുകാരുടെ അസത്യമായ അവതരണങ്ങൾ അസഹ്യമായി തുടങ്ങിയിരിക്കുന്നുവെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ രാമകൃഷ്‌ണൻ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
ലോക്ക് ഡൗൺ സമയത്ത് ഒരുപാട് പുതിയ വ്ളോഗുകൾ തുടങ്ങി. ആ സമയത്ത് മണിച്ചേട്ടന്‍റെ വീട് കാണാനെന്ന് പറഞ്ഞ് ചാലക്കുടിയിലേക്ക് നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് സന്തോഷകരമായ കാര്യമാണെങ്കിലും വസ്തുതാവിരുദ്ധമായ ചിലതും ഇതിനുപിന്നിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. മണിച്ചേട്ടനെ പറ്റി പറയുന്ന പല കാര്യങ്ങളും സത്യമല്ല. മണിച്ചേട്ടന്‍റെ ഓട്ടോറിക്ഷയെപ്പറ്റി പ്രചരിക്കുന്ന കാര്യങ്ങൾ സത്യമല്ല. ആ ഓട്ടോ മണിച്ചേട്ടന്‍റെ വണ്ടിയല്ലെന്നുംമൂത്ത സഹോദരൻ വേലായുധൻ ചേട്ടന്‍റെ മകനുവേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണെന്നും വീഡിയോയിൽ രാമകൃഷ്‌ണൻ വിശദീകരിച്ചു.
മണിച്ചേട്ടന്‍റെ വീടിനു മുകളിൽ നിന്നും അദൃശ്യനായ ഒരാൾ നോക്കുന്നു എന്ന വീഡിയോ സത്യമല്ലെന്നും ആ വീടിന്‍റെ തൊട്ടടുത്തുള്ള വീട്ടിലെ മുകളിൽ ഇരിക്കുന്ന വ്യക്തിയെ കാണിച്ചാണ് കുപ്രചരണങ്ങൾ സൃഷ്‌ടിക്കുന്നതെന്നും കലാഭവൻ മണിയുടെ സഹോദരൻ വ്യക്തമാക്കി. ഇങ്ങനെയുള്ള വ്യാജ പ്രചരണം വളരെ വിഷമം ഉണ്ടാക്കുന്നതാണെന്നും രാമകൃഷ്‌ണൻ കൂട്ടിച്ചേർത്തു.