അടുക്കളയിലേക്ക് ജീവിതം തളച്ചിടുമ്പോഴുള്ള വീർപ്പുമുട്ടലുകൾ. പുരുഷാധിപത്യത്തിന്‍റെ അധികാരങ്ങൾക്ക് നേരെ അഴുക്കുവെള്ളമൊഴിച്ച് പ്രതിഷേധിച്ച ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഭാഷ കടന്നും പ്രശംസ നേടുകയാണ്. ഈയിടെ ആമസോൺ പ്രൈമിലൂടെ റി- റിലീസിനെത്തിയ മലയാളചിത്രത്തെ ബോളിവുഡ് താരം റാണി മുഖർജിയും അഭിനന്ദിച്ചിരുന്നു.
ഇപ്പോഴിതാ, ശബരിമല വിധിന്യായം എഴുതിയ ബഞ്ചിലെ ന്യായാധിപനും മഹത്തായ ഭാരതീയ അടുക്കളയെ സംബന്ധിച്ചുള്ള അഭിപ്രായം പങ്കുവക്കുകയാണ്. ഭർതൃഗൃഹത്തിന്‍റെ അന്തരീക്ഷത്തിലേക്ക് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന നവവധുവിന്‍റെ കഥയ്ക്കൊപ്പം സുപ്രീം കോടതി വിധിന്യായത്തെപ്പറ്റിയുള്ള വാർത്തകളെ സിനിമ കണിശമായ മൂർച്ചയോടെ സമീപിക്കുന്നുവെന്നും ന്യായാധിപൻ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
സമകാലിക കേരളത്തിനെ പ്രതിനിധീകരിക്കുന്ന ചിത്രത്തിലെ കഥാനായിക സ്വന്തം നിലനിൽപ്പ് സംരക്ഷിക്കാനുള്ള സമരത്തിലാണ്. സമൂഹത്തിൽ ഇത്തരത്തിലുള്ള വേർതിരിവുകൾ നിയമനിർമാണങ്ങൾ കൊണ്ടോ വിധിന്യായങ്ങൾക്കോ മാത്രം മാറ്റിമറിക്കാനാകില്ലെന്ന് ചിത്രം ഓർമപ്പെടുത്തുന്നുവെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി.
ലൈവ് ലോ സംഘടിപ്പിച്ച വെബിനാറിൽ ജസ്റ്റിസ് ചന്ദ്രചൂഢ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണെ കുറിച്ച് പറയുന്ന വീഡിയോ സംവിധായകൻ ജിയോ ബേബി തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
“2021 ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന മലയാള സിനിമ ഞാൻ അടുത്തിടെ കണ്ടു. ഭർതൃഗൃഹത്തിന്‍റെ അന്തരീക്ഷത്തിലേക്ക് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന സമകാലിക കേരളത്തിലെ ഒരു നവവധുവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയപരിസരം.
സിനിമയുടെ രണ്ടാം പകുതിയിൽ വീട്ടിലെ പുരുഷൻമാർ ഒരു തീർത്ഥാടനത്തിന് തയ്യാറെടുക്കുകയാണ്. ഒപ്പം കൃതജ്ഞതാരഹിതമായ ഗാർഹിക, പാചക ജോലികളിലേക്ക് നിർബന്ധപൂർവം നിയുക്തയാക്കപ്പെടുന്ന വധുവിന്‍റെ പിരിമുറുക്കങ്ങൾ, സ്വന്തം ആഗ്രഹത്തിനൊത്ത ഒരു ജോലി തെരഞ്ഞെടുക്കുന്നതിൽ നിന്ന് അവൾ നേരിടുന്ന വിലക്ക്, മാസമുറക്കാലത്ത് അവൾ നേരിടുന്ന കഠിനമായ ഒറ്റപ്പെടലും അയിത്തവും..
സുപ്രീം കോടതി വിധിന്യായത്തെപ്പറ്റിയുള്ള വാർത്തകളെ സിനിമ കണിശമായ മൂർച്ചയോടെ സമീപിക്കുന്നു. അതുമായ ഈ സ്ത്രീയുടെ ജീവിതയാഥാർത്ഥ്യം ചേർത്തുവയ്ക്കുന്നു. തീർത്ഥാടനത്തിന് പോകണമെന്ന അവകാശമൊന്നും അവൾ സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല. ലിംഗപരമായ വേർതിരിവുകളിൽ വിലകെട്ടുപോകുന്ന സ്വന്തം നിലനിൽപ്പ് സംരക്ഷിക്കാനുള്ള വലിയൊരു സമരത്തിലാണവൾ.
ഇതൊരോർമപ്പെടുത്തലാണ്, നമ്മുടെ സമൂഹത്തിലെ ഇത്തരം വേർതിരിവുകളെ നിയമനിർമാണങ്ങൾ കൊണ്ടോ വിധിന്യായങ്ങൾക്കോ മാത്രം മാറ്റിമറിക്കാനാകില്ലെന്ന ഓർമപ്പെടുത്തൽ... ഏറ്റവും അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി ഇന്നും സ്ത്രീകൾ സമരത്തിലാണ്,” ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു. ചരിത്രപരമായ വിധിന്യായം എഴുതിയ ന്യായാധിപന്‍റെ വാക്കുകൾ അഭിമാനം ഉളവാക്കുന്നുവെന്ന് ജിയോ ബേബിയും ഫേസ്ബുക്കിൽ പറഞ്ഞു.