"എന്‍റെ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പക്ഷേ എന്‍റെ ചുണ്ടുകൾക്ക് അതറിയില്ല. അതെപ്പോഴും ചിരിച്ചുകൊണ്ടിരിക്കും," അഭനയചക്രവർത്തി ചാർലി ചാപ്ലിന്‍റെ വാക്കുകൾ മലയാളത്തിലെ ഇതിഹാസ നടനും ഇണങ്ങും... സാക്ഷാൽ ജഗതി ശ്രീകുമാറിന്. ഹാസ്യ സാമ്രാട്ടെന്നും ചിരിയുടെ തമ്പുരാനെന്നും വിശേഷിപ്പിക്കുമ്പോഴും നർമവും കടന്ന് മലയാള സിനിമയിൽ അയാൾ ഒരു സമ്പൂർണ നടനായിരുന്നു. മികച്ച നടൻ എന്നതിന് അലമാരകളിൽ അവാർഡുകൾ നിറഞ്ഞില്ലെങ്കിലും എത്രയോ നാളുകളായി പ്രേക്ഷകർ അദ്ദേഹത്തിന് ആ അംഗീകാരം നൽകി കഴിഞ്ഞു. അങ്ങനെ ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ അഭ്രപാളിയെ വിസ്‌മയിപ്പിച്ച ജഗതി ശ്രീകുമാറിന് ഇന്ന് സപ്‌തതി.

ഏറ്റവും കൂടുതൽ മലയാള സിനിമകളിൽ അഭിനയിച്ച നടൻ... ജാതിയുടെ വിവേചനങ്ങൾക്കിടയിൽ ഒറ്റപ്പെട്ടപ്പോഴും വിജയത്തിനായി അശ്രാന്തം പരിശ്രമിച്ച പ്രതിഭ... അക്ഷര സുപ്‌ടതയോടെ സംഭാഷണങ്ങൾ പറഞ്ഞുവക്കാനും മികച്ച രീതിയിൽ പ്രസംഗം നടത്താനും കഴിവുള്ള കലാകാരൻ... സിനിമ നന്നായില്ലെങ്കിലും ജഗതി നന്നായി എന്ന് ജനം ആവർത്തിച്ച് പറഞ്ഞ നാല് ദശകങ്ങൾ.
ആരോഗ്യപ്രശ്‌നങ്ങളാൽ കഴിഞ്ഞ 10 വർഷമായി അദ്ദേഹം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ, ഇന്ന് മലയാളം ജഗതിക്കായുള്ള കാത്തിരിപ്പിലാണ്. ആർക്കും അവിസ്‌മരണീയമാക്കാനാവാത്ത കുറേയെറ കഥാപാത്രങ്ങളിലൂടെ അമ്പിളിച്ചേട്ടന്‍റെ തിരിച്ചുവരവിനായി...

1951 ജനുവരി അഞ്ചിന് പ്രമുഖ നാടകാചാര്യനായിരുന്ന ജഗതി എന്‍.കെ ആചാരിയുടെയും പൊന്നമ്മാളിന്‍റെയും മൂത്ത മകനായി തിരുവനന്തപുരത്ത് ജനിച്ചു. സ്‌കൂൾ പഠനകാലത്ത് തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും ബോട്ടണിയില്‍ ബിരുദം. കുടുംബത്തെ പോലും ഉപേക്ഷിച്ച് മദ്രാസിലേക്ക് വണ്ടി കേറി, അവിടെ മെഡിക്കല്‍ റെപ്രസന്‍റേറ്റിവായി ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. ആദ്യം ജൂനിയർ ആർട്ടിസ്റ്റായാണ് തുടക്കം കുറിച്ചത്.

അറുപതുകളുടെയും എഴുപതുകളുടെയും മലയാള സിനിമയിൽ നിറഞ്ഞു നിന്ന പട്ടം സദന് പകരക്കാരനായപ്പോഴാണ് അദ്ദേഹത്തിന് അറിയപ്പെടുന്ന വേഷം ലഭിച്ചത്. അന്ന് മദ്യപിച്ച് ഉറങ്ങിപ്പോയ സദന് പകരം തലേന്ന് ഓഡീഷന് വന്ന ചെറുപ്പക്കാരനെ അണിയറപ്രവർത്തകർ പെട്ടെന്ന് ഓർത്തെടുത്ത് ചിത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. 1973ൽ റിലീസ് ചെയ്‌ത ചട്ടമ്പികല്യാണിയായിരുന്നു ആദ്യ സിനിമ. പിന്നീട്, ചെറിയ ചെറിയ ഹാസ്യവേഷങ്ങളിലൂടെയും സഹനടനായുമൊക്കെ ജഗതി ശ്രീകുമാറിന്‍റെ കലാജീവിതം വളർന്നു.

സിനിമയിലെ പരുപരുത്ത അനുഭവങ്ങൾ കണ്ടറിഞ്ഞ് വളരുമ്പോഴും തന്‍റെ കാഴ്‌ചപ്പാടിൽ നെറികേടെന്ന് തോന്നുന്ന പ്രവൃത്തികൾക്കെതിരെ അയാൾ ശബ്‌ദമുയർത്തി... സിനിമയിലെ അപപചയവും ജീർണതയും തുറന്നുപറഞ്ഞു... കലയിലെ ജാതീയവിവേചനങ്ങൾക്കെതിരെ പ്രതികരിച്ചു.

ഏകദേശം 1200ഓളം ചിത്രങ്ങളിലാണ് ജഗതി അഭിനയിച്ചിട്ടുള്ളത്. ജഗതി എങ്ങനെയായിരിക്കും അഭിനയിക്കുക എന്നത് സ്‌ക്രീനിൽ കൂടെ നിൽക്കുന്നവർക്ക് പോലും പ്രവചിക്കാനാവാറില്ല. ഓരോ ടേക്കിലും അയാൾ കഥാപാത്രത്തിലേക്ക് ആഴത്തിൽ കടന്നുചെന്നിരിക്കും.. അങ്ങനെയാണ് മലയാളിക്ക് മറക്കാനസാധ്യമായ അരശുംമൂട്ടില്‍ അപ്പുക്കുട്ടനെയും ഒ.പി ഒളശയെയും പച്ചാളം ഭാസിയെയും തുടങ്ങി കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ളയെയും കുമ്പിടിയെയുമൊക്കെ പരിചയക്കാരാകുന്നത്...

മലയാള സിനിമ വളരുന്നതിനായി അയാൾ പല വിട്ടുവീഴ്ചകളും ചെയ്‌തു. തന്നെ അടിച്ചമർത്താൻ ശ്രമിച്ചവർക്ക് നേരെ കണ്ണടച്ചു. നല്ല സിനിമക്കായി രാത്രിയും പകലും ക്ഷീണം വകവക്കാതെ വരെ കലാകാരൻ പ്രയത്നിച്ചു.
കുലം നോക്കിയും ജാതി നോക്കിയും കഴിവുള്ള കലാകാരനോടുള്ള സഹപ്രവർത്തകരുടെ പെരുമാറ്റത്തിൽ അമ്പിളിച്ചേട്ടൻ വേദനിച്ചിരുന്നു. എങ്കിലും, പ്രേക്ഷകന് മുൻപിൽ അയാൾ ചിരിയുടെ വിരുന്നൊരുക്കി. സംഭാഷണങ്ങളിലൂടെയും അംഗവിക്ഷേപങ്ങളിലൂടെയും ശാരീരിക ഭാഷയിലൂടെയും തന്മയത്വത്തോടെയാണ് ജഗതി ശ്രീകുമാർ കാണികളെ വിസ്‌മയിപ്പിച്ചത്.

കിലുക്കത്തിലെ "മുച്ഛെ മാലൂം... മുച്ഛെ മാലൂം," "പോയി കിടന്നുറങ്ങ് പെണ്ണേ", "വെൽക്കം ടു ഊട്ടി നൈസ് ടു മീറ്റ് യു", യോദ്ധയിലെ "കലങ്ങീലാാ", "കുട്ടി മാമാ ഞാൻ ഞെട്ടി മാമ", മീശമാധവനിലെ "പുരുഷു എന്നെ അനുഗ്രഹിക്കണം" വർഷങ്ങളുടെ പഴകത്തിൽ മങ്ങാത്ത ജഗതി ഡയലോഗുകൾ. സിഐഡി മൂസ ചിത്രത്തിലെ "ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്", ഉദയനാണ് താരത്തിലെ "പശു ചാണകമിടുമ്പോഴുള്ള ഭാവം"... എല്ലാം മലയാളി ഇന്നും ആവർത്തിച്ച് ആവർത്തിച്ച് പറയുന്നുണ്ടെങ്കിൽ അതിന് കാരണം ജഗതിയുടെ തനതായ അവതരണത്തിലൂടെ അത് കേട്ടതിനാലാണ്.

1991ലും 2002ലും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരങ്ങൾ, 2011ൽ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം തുടങ്ങി ഹാസ്യത്തിനും സ്വഭാവ കഥാപാത്രങ്ങൾക്കും ജഗതി ശ്രീകുമാറിന് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. താനൊരു മികച്ച നടനാണെന്ന ബോധ്യം താരത്തിനുണ്ടെങ്കിലും അതിന് അർഹിക്കുന്ന പുരസ്‌കാരം ബന്ധപ്പെട്ടവരിൽ നിന്നുണ്ടായിട്ടില്ലയെന്ന് ജഗതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

2012 മാര്‍ച്ച് 10ന് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കു പറ്റിയതിനെത്തുടർന്ന് സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് അദ്ദേഹം. അടുത്തിടെ ഒരു പരസ്യ ചിത്രത്തിന്‍റെ ഭാഗമായി എന്ന വാർത്ത അദ്ദേഹത്തെ ഉള്ളറിഞ്ഞ് സ്‌നേഹിച്ച പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. പൂർണ ആരോഗ്യവാനായി അമ്പിളിക്കല വീണ്ടും അഭ്രപാളിയിൽ ഉദിക്കും. ആദ്യം ചെയ്‌ത രണ്ട് സംവിധാന സംരഭങ്ങൾ പരാജയമായെങ്കിലും കുറച്ചു നാൾ കൂടി കഴിയട്ടെ ഞാൻ ഒരു സിനിമ പിടിക്കുമെന്ന് പത്ത് വർഷം മുൻപ് ജഗതി ശ്രീകുമാർ പറഞ്ഞ വാക്കുകളുടെ വിശ്വാസത്തിലാണ് ആരാധകരും.