എറണാകുളം: മലയാള സിനിമയിലും കഴിവല്ല, കൈകാര്യമാണ് ആവശ്യമായുള്ളത് എന്നും ഇവിടെ ഒരു ഗൂഢാലോചന സംഘമുണ്ടെന്നും തുറന്നുപറഞ്ഞ നടൻ നീരജ് മാധവിന്‍റെ വിഷയത്തിൽ അമ്മയോട് വിശദീകരണം തേടി ഫെഫ്‌ക. വളർന്നുവരുന്ന പുതിയ താരങ്ങളെ മുളയിലേ നുള്ളുന്നവരുന്നുണ്ടെന്ന് നീരജ് മാധവ് പരാമർശിച്ചിരുന്നു. ഇങ്ങനെ ഒരു ഗൂഢാലോചന സംഘം മലയാള സിനിമയിലുണ്ടെങ്കിൽ അവരെ വെളിപ്പെടുത്തണമെന്നും സിനിമാ സംഘടനയായ ഫെഫ്‌ക ആവശ്യപ്പെട്ടു. അത്തരക്കാരെ ഒഴിവാക്കാൻ ഒപ്പം നിൽക്കണമെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണൻ താരസംഘടന അമ്മയ്‌ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇതിന് പുറമെ, നീരജിന്‍റെ ഫേസ്ബുക് പോസ്റ്റിൽ സ്ത്രീവിരുദ്ധ പരാമർശം ഉണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
പുതിയ തലമുറയുടെ സ്വഭാവ ഗുണങ്ങൾ അളന്നുകൊണ്ട് വളർന്നു വരുന്ന താരങ്ങളെ തടയാൻ മലയാള സിനിമയിലും ശ്രമങ്ങൾ നടക്കുന്നു. പല സിനിമാ സെറ്റുകളിലും ഇപ്പോഴും നിലനിൽക്കുന്ന ഒരു ഹൈറാർക്കി സമ്പ്രദായമുണ്ട്. ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്നവുമാണ് എന്നിരിക്കെ, സിനിമയിൽ മുന്നേറാൻ വേണ്ടത് അതൊന്നുമല്ല പകരം കൈകാര്യം ചെയ്യാനുള്ള കഴിവും അൽപം പാരമ്പര്യവുമാണെന്നാണ് നീരജ് നേരത്തെ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി നടി കങ്കണാ റണാവത്തിന്‍റെ തുറന്നടിച്ച പ്രതികരണത്തിന് ശേഷമാണ് മലയാള സിനിമയിലും സമാനമായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നീരജ് മാധവ് എത്തിയത്.