ഹൈദരാബാദ്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തെന്നിന്ത്യൻ നടൻ റാണാ ദഗുബാട്ടി, നടി രാകുല്‍ പ്രീത് സിംഗ്, തെലുങ്ക് നടൻ രവി തേജ, നടി ചാർമി എന്നിവർക്ക് നോട്ടീസ്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന്‍റെ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് താരങ്ങളോട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
ചാർമിയോട് സെപ്‌തംബർ രണ്ടിനും രാകുൽ പ്രീതിനോട് സെപ്‌തംബർ ആറിനും ഹാജരാകാനാണ് നിർദേശം. റാണ ദഗുബാട്ടി സെപ്‌തംബർ എട്ടിനും രവി തേജ സെപ്‌തംബർ ഒൻപതിനും ഇഡി ഓഫിസിൽ ഹാജരാകണമെന്നും നോട്ടീസിൽ പറയുന്നു. രവി തേജയുടെ ഡ്രൈവര്‍ ശ്രീനിവാസിനോടും ഇഡിയ്ക്ക് മുൻപിൽ ഹാജരാകാനായി ആവശ്യപ്പെട്ടിട്ടുണ്ട്.
Read more: കള്ളപ്പണക്കേസ് : ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ മൊഴിയെടുക്കുന്നു
ഇവർ നാല് പേരുമുൾപ്പെടെ ടോളിവുഡിലെ 12 പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തെലുങ്ക് ചലച്ചിത്രമേഖലയിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ പുരി ജഗന്നാഥിനെ ഇ.ഡി ചോദ്യം ചെയ്‌തുവരികയാണ്. 2017ൽ പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങൾക്ക് വിതരണം ചെയ്‌തെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.