തെന്നിന്ത്യയിലെ പ്രശസ്ത നൃത്ത സംവിധായികയായ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹേയ് സിനാമികയുടെ തിരക്കിലാണ് ഇപ്പോള്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചുവെന്ന് അറിയിച്ച് താരം സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ആരാധകരും സിനിമാതാരങ്ങളും അടക്കം നിരവധിപേര്‍ താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. അക്കൂട്ടത്തില്‍ നടന്‍ പൃഥ്വിരാജുമുണ്ട്. 'എല്ലാവിധ ആശംസകളും ചിത്രത്തിന് നേരുന്നു. ബ്രിന്ദ മാസ്റ്റര്‍ എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് താന്‍ വിശ്വസിച്ചിരുന്നു' എന്നാണ് പൃഥ്വി കമന്‍റ് ചെയ്തത്. ഉടന്‍ തന്നെ ദുല്‍ഖര്‍ മറുപടിയും നല്‍കി. ബ്രദര്‍ ചീഫെന്ന് അഭിസംബോധന ചെയ്താണ് ദുല്‍ഖറിന്‍റെ കമന്‍റ് ആരംഭിക്കുന്നത്.... 'ബ്രിന്ദ മാസ്റ്റര്‍ ആക്ഷന് പകരം മ്യൂസിക്ക് എന്ന് പലപ്പോഴായി പറയാന്‍ വരുന്നത് പോലെ തോന്നിയിട്ടുണ്ട്. വളരെ മികച്ച രീതിയില്‍ തന്നെ ഡയറക്ട് ചെയ്യുന്നുണ്ട് ബൃന്ദ മാസ്റ്റര്‍... വിദേശത്തുള്ള ചിത്രീകരണം പൂര്‍ത്തിയാക്കി വേഗം നാട്ടിലേക്ക് തിരിച്ചുവരണം... ആരോഗ്യം സംരക്ഷിക്കണം...' ദുല്‍ഖര്‍ കുറിച്ചു.
ഹേയ് അനാമികയില്‍ അതിഥി റാവുവും, കാജള്‍ അഗര്‍വാളുമാണ് ദുല്‍ഖറിന്‍റെ നായികമാര്‍. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഇപ്പോള്‍ ജോര്‍ദനിലാണ്. കൊവിഡ് 19 ഭീതിപടര്‍ത്തിയിരിക്കുന്ന ഈ അവസ്ഥയില്‍ പൃഥ്വിരാജിനോട് തന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ദുല്‍ഖര്‍ പറഞ്ഞത് ഏറെ ജനശ്രദ്ധ നേടി.