Disney Warner Bros pausing film releases in Russia: യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയില്‍ സിനിമകളുടെ റിലീസുകള്‍ നിര്‍ത്തിവച്ച് ഹോളിവുഡിലെ പ്രമുഖ സ്‌റ്റുഡിയോകളായ ഡിസ്‌നിയും വാര്‍ണര്‍ ബ്രദേഴ്‌സും.
പിക്‌സർ ആനിമേഷൻ സ്‌റ്റുഡിയോയുടെ 'ടേണിംഗ് റെഡ്' മുതൽ റഷ്യയില്‍ സിനിമകളുടെ തിയേറ്റർ റിലീസ് നിർത്തുകയാണെന്ന് വാൾട്ട് ഡിസ്‌നി അറിയിച്ചു. 'ദ ബാറ്റ്‌മാന്‍' എന്ന ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് വാര്‍ണര്‍ മീഡിയയും അറിയിച്ചു.
'വരും സാഹചര്യത്തെ അടിസ്ഥാനമാക്കി ഞങ്ങള്‍ ഭാവി തീരുമാനങ്ങള്‍ എടുക്കും. ഇതിനിടെ ഉയർന്നുവരുന്ന അഭയാർഥി പ്രതിസന്ധിയുടെ തോത് കണക്കിലെടുക്കുമ്പോൾ, അടിയന്തര സഹായവും മറ്റ് മാനുഷിക പരിഗണനകളും നൽകാൻ ഞങ്ങൾ എൻജിഒ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കും.'-ഡിസ്‌നി പ്രസ്‌താവനയില്‍ വ്യക്തമാക്കി.
റഷ്യൻ ചലച്ചിത്ര വ്യവസായത്തിന്‍റെ അന്താരാഷ്‌ട്ര ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്‌ത് കഴിഞ്ഞ ആഴ്‌ച യുക്രൈന്‍ ഫിലിം അക്കാദമി ഓണ്‍ലൈന്‍ നിവേദനം സംഘടിപ്പിച്ചിരുന്നു. ഹോളിവുഡിന്‍റെ ഒരു പ്രധാന വിപണിയാണ് റഷ്യ.
2021ല്‍ ബോക്‌സ്‌ഓഫിസില്‍ 601 മില്യണ്‍ ഡോളറാണ് റഷ്യന്‍ വിപണി വിഹിതം. ലോകമെമ്പാടുമുള്ള ടിക്കറ്റ് വില്‍പ്പനയുടെ ഏകദേശം 2.8% വരുമിത്. 2021ല്‍ ആകെ 21.4 ബില്യണ്‍ ഡോളറും ഇവിടെ നിന്ന് സമാഹരിച്ചിരുന്നു.
നിരവധി പ്രധാന സിനിമകളാണ് ആഗോള റിലീസിന് തയ്യാറെടുക്കുന്നത്. റഷ്യയില്‍ മാര്‍ച്ച് 3നാണ് 'ബാറ്റ്‌മാന്‍' റിലീസിനെത്തേണ്ടിയിരുന്നത്. പാരമൗണ്ട് പിക്‌ചേഴ്‌സിന്‍റെ 'സോണിക് ദ ഹെഡ്‌ജെഹോഗ് 2' ഏപ്രില്‍ 8നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്നത്.
ഈ ദുരന്തത്തിന് വേഗമേറിയതും സമാധാനപരവുമായ പരിഹാരത്തിനായി കാത്തിരിക്കുന്നുവെന്ന് വാര്‍ണര്‍ മീഡിയ അറിയിച്ചു. അമേരിക്കയും അതിന്‍റെ യൂറോപ്യൻ സഖ്യകക്ഷികളും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനാൽ സ്‌റ്റുഡിയോ എക്‌സിക്യുട്ടീവുകൾ റഷ്യയുടെ ചോദ്യവുമായി മല്ലിടുകയാണെന്ന് ഒരു ഹോളിവുഡ് ബിസിനസ് പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്‌തു.
'അമേരിക്കയും സഖ്യകക്ഷികളും റഷ്യയെ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്ന് വിച്ഛേദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ എങ്ങനെ സിനിമകൾ അവിടെ റിലീസ് ചെയ്യും?'- ഒരു സ്‌റ്റുഡിയോ എക്‌സിക്യുട്ടീവിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.