തിരക്കഥ, സംവിധാനം എകെ ലോഹിതദാസ്.... തീയേറ്റർ സ്ക്രീനില്‍ ഇങ്ങനെയൊരു പേര് മറഞ്ഞിട്ട് 11 വർഷങ്ങൾ പിന്നിടുന്നു. സിനിമയെ ജീവതത്തോട് ചേർത്തു നിർത്തിയ എഴുത്തുകാരൻ. 2009 ജൂൺ 28ന് സംഭവിച്ച ഹൃദയാഘാതം ലോഹിതദാസ് എന്ന കലാകാരനെ മാത്രമല്ല, പറയാൻ ബാക്കിവെച്ച ഒരു പാട് കഥകൾ കൂടിയാണ് മലയാളിക്ക് നഷ്ടമാക്കിയത്. ഭരതനും സിബിമലയിലും സ്ക്രീനില്‍ വരച്ചിട്ട ജീവിത ചിത്രങ്ങളുടെ കയ്യൊപ്പ് ലോഹിതദാസിന്‍റേതായിരുന്നു. കിരീടത്തിലെ സേതുമാധവനും അമരത്തിലെ അച്ചൂട്ടിയും ഒരിക്കലും മലയാളിയുടെ മനസില്‍ നിന്ന് മായില്ല. അവരുടെ നൊമ്പരങ്ങളെ വേദനകളെ അത്രമേല്‍ മനോഹരമായി വാക്കുകളിലൂടെ ലോഹി മലയാളിക്ക് മുന്നില്‍ വരച്ചിട്ടു. 1955 മേയ് 10ന് തൃശൂരിലെ മുരിങ്ങൂരിലാണ് അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് ജനിച്ചത്. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദം നേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കി. ചെറുകഥകൾ എഴുതി തുടങ്ങിയ ലോഹിയിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയത് കെപിഎസി നാടകങ്ങളാണ്. " സിന്ധു ശാന്തമായൊഴുകുന്നു" എന്ന ആദ്യ നാടകത്തിന്‍റെ രചനക്ക് തന്നെ സംസ്ഥാന അവാർഡ് സ്വന്തമാക്കി. അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ തുടങ്ങിയ നാടകങ്ങൾ നിരൂപക ശ്രദ്ധയും പ്രേക്ഷക പ്രശംസയും പിടിച്ചുപറ്റി.
മനുഷ്യനെ സമൂഹവും സാമൂഹ്യ വ്യവസ്ഥയും എങ്ങനെ ഭ്രാന്തമാക്കി മാറ്റുന്നു എന്ന് വൈകാരികമായി അവതരിപ്പിച്ച "തനിയാവർത്തനവുമായി" ലോഹി തിരക്കഥാകൃത്തിന്‍റെ വേഷമിട്ട് മലയാള സിനിമയിലെത്തി.
ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലോഹി ആദ്യ ചിത്രത്തില്‍ സ്വന്തമാക്കി. ജീവിത യാഥാർഥ്യങ്ങളെ അക്ഷരങ്ങളിലൂടെ മലയാളിക്ക് സമ്മാനിച്ച ലോഹിയുടേതായി പുറത്തുവന്നത് 47 തിരക്കഥകളാണ്.
1997ൽ പുറത്തിറങ്ങിയ ഭൂതക്കണ്ണാടിയാണ് ലോഹിതദാസിന്‍റെ ആദ്യ സംവിധാന സംരഭം. ഈ ചിത്രത്തിനായിരുന്നു ആ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. 20 വർഷത്തെ സിനിമാ ജീവിതത്തില്‍ ലോഹി സംവിധാനം ചെയ്‌തത് 12 ചലച്ചിത്രങ്ങളാണ്. തനിയാവർത്തനത്തിലെ ബാലൻമാഷ്, ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ, കിരീടത്തിലെ സേതുമാധവൻ, ദശരഥത്തിലെ രാജീവ് മേനോൻ തുടങ്ങി കസ്തൂരിമാനിലെ പ്രിയംവദ വരെയും പ്രേക്ഷകനെ കണ്ണീരണിയിച്ചു. സിബി മലയിലിനൊപ്പവും ഭരതനൊപ്പവും ഒരുപിടി മികച്ച ചിത്രങ്ങൾ.
ഭൂതക്കണ്ണാടി, കാരുണ്യം, ഓർമച്ചെപ്പ്, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കർ, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്കരമുത്ത്, നിവേദ്യം തുടങ്ങിയ ചിത്രങ്ങൾ എ.കെ ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്‌തു.
സാഗരം സാക്ഷി, സല്ലാപം, കൗരവർ, വാത്സല്യം, കിരീടം, എഴുതാപ്പുറങ്ങൾ എന്നിങ്ങനെ ലോഹിയുടെ തിരക്കഥയില്‍ മലയാളി കണ്ടുമറക്കാത്ത നിരവധി ചിത്രങ്ങൾ.
വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഉദയനാണ് താരം, ആധാരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചും ലോഹി മലയാളിയുടേത് മാത്രമായി. കസ്‌തൂരിമാൻ, ജോക്കർ, നിവേദ്യം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും ലോഹി എഴുതി. കസ്‌തൂരിമാൻ എന്ന ചിത്രം നിർമിക്കുയും ചെയ്തു.