അന്തരിച്ച ബ്ലാക്ക് പാന്തർ താരം ചാഡ്‌വിക് ബോസ്മാൻ ഇത്തവണത്തെ ഓസ്കർ പുരസ്‌കാരത്തിൽ ആദരിക്കപ്പെടുകയാണ്. ഇന്ന് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും ചേർന്ന് പുറത്തുവിട്ട ഓസ്കർ നോമിനേഷൻ പട്ടികയിൽ മികച്ച നടൻ എന്ന വിഭാഗത്തിലാണ് ഹോളിവുഡ് താരം ബോസ്‌മാൻ മത്സരിക്കുന്നത്. ചാഡ്‌വിക് ബോസ്മാന് ലഭിക്കുന്ന ആദ്യ ഓസ്കാർ നോമിനേഷനാണിത്.
ചാഡ്‌വിക് ബോസ്മാൻ അക്കാദമി പുരസ്‌കാരത്തിലെ നോമിനേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ മികച്ച നടൻ, മികച്ച സഹനടൻ വിഭാഗങ്ങളിലേക്ക് മരണാനന്തര ബഹുമതി ലഭിക്കുന്ന ഏഴാമത്തെ അഭിനേതാവും ബ്ലാക്ക് പാന്തർ താരമായി. മാ റെയ്നിസ് ബ്ലാക് ബോട്ടം എന്ന ചിത്രത്തിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബോസ്മാനെ മികച്ച നടനുള്ള നോമിനിയായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
1920കളിലെ ജനപ്രിയ ബ്ലൂസ് ഗായകൻ മാ റെയ്‌നിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് മാ റെയ്നിസ് ബ്ലാക് ബോട്ടം. നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തിയ ചിത്രത്തിൽ ട്രംപറ്റ് വാദകനായ ലെവി ഗ്രീന്‍ ആയാണ് ബോസ്മാൻ എത്തിയത്. എന്നാൽ, ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനിടെയാണ് താരം അന്തരിച്ചത്.
കാൻസർ ബാധിതനായ ചാഡ്‌വിക് ബോസ്മാൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് 28നാണ് വിടവാങ്ങിയത്. ഈ വർഷം നടന്ന 78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാർഡിലും മികച്ച നടനുള്ള പുരസ്‌കാരം ബോസ്മാനായിരുന്നു.