പ്രതിനായകനായും സഹനടനായും മലയാള സിനിമയിൽ ഒരു കാലത്ത് നിർണായക സാന്നിധ്യമായിരുന്നു ബാബു ആന്‍റണി. തൊണ്ണൂറുകളിലും രണ്ടായിരത്തിലും മലയാളചലച്ചിത്രമേഖലയിൽ ആക്ഷന്‍ ഹീറോയായി സജീവമായിരുന്ന താരം 2013ലെ ഇടുക്കി ഗോൾഡിലും 2018ലെ കായംകുളം കൊച്ചുണ്ണിയിലും പ്രശംസാർഹമായ പ്രകടനം കാഴ്‌ചവച്ചു.
- " class="align-text-top noRightClick twitterSection" data="">
ഇപ്പോഴിതാ, ഒമർ ലുലുവിന്‍റെ പവർ സ്റ്റാർ എന്ന ചിത്രത്തിലൂടെ നായകനായി വീണ്ടും മലയാളിക്ക് മുന്നിലെത്താനുള്ള തയ്യാറെടുപ്പിലാണ് താരം. ബാബു ആന്‍റണിയെ വച്ച് അത്യാവശ്യം നല്ല ബഡ്ജറ്റിൽ പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നുവെങ്കിൽ പാൻ ഇന്ത്യ സ്റ്റാറല്ല, ഇന്‍റർനാഷണൽ സ്റ്റാർ ജനിച്ചേനെ എന്ന സംവിധായകൻ ഒമർ ലുലുവിന്‍റെ പോസ്റ്റിൽ നടനെ പരിഹസിച്ച് ഒരുപാട് കമന്‍റുകൾ വന്നിരുന്നു. ബാബു ആന്‍റണിയുടെ അഭിനയശൈലിക്കും ശരീരഭാഷയ്ക്കുമെതിരെയായിരുന്നു കമന്‍റുകൾ. എന്നാൽ, തന്‍റെ അഭിനയത്തെ കുറ്റം പറഞ്ഞുള്ള പ്രതികരണങ്ങൾക്ക് ബാബു ആന്‍റണി തന്നെ കൃത്യമായ മറുപടി നൽകുകയാണ്.
തന്നെ സംബന്ധിച്ചിടത്തോളം അഭിനയം എന്നത് ശരീര ഭാഷ കൂടിയാണെന്നും തന്‍റെ പ്രകടനം ജനങ്ങൾക്ക് മനസിലായിട്ടുള്ളതിനാൽ അധികം ഭാവങ്ങൾ വരുത്താൻ ശ്രമിച്ചിട്ടില്ലെന്നും താരം പറഞ്ഞു. അഭിനയത്തിന് ഒരു പഞ്ചായത്ത് അവാർഡ് പോലും ലഭിക്കാത്തതിനാൽ ആരും പരാതി ഉയർത്തേണ്ട ആവശ്യകതയില്ലെന്നും നടൻ വിശദമാക്കി.
ബാബു ആന്‍റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓഡിയൻസിന് നന്നായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത എക്‌സ്പ്രഷൻസ് എനിക്ക് താല്പര്യമില്ല. സ്റ്റോറി, സ്ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റ്യൂംസ് എല്ലാം അഭിനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ചെയ്‌ത വൈശാലിയും, അപരാഹ്നംവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്ക് മനസ്സിലാവുകയും സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്ത് അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ട് ഇവനെന്തിന് ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡയറക്‌ടേഴ്സിന് ഒരു കംപ്ലൈന്‍റും ഇല്ലതാനും. എന്‍റെ വർക്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക,' എന്ന് ബാബു ആന്‍റണി ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. കാർണിവൽ ചിത്രത്തിൽ കുഞ്ചനൊപ്പമുള്ള ഒരു ഓർമ ചിത്രവും ബാബു ആന്‍റണി പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
താരത്തിന്‍റെ മറുപടിയെ പ്രശംസിച്ച് നിരവധി പേർ പോസ്റ്റിന് താഴെ കമന്‍റ് ചെയ്‌തു. വൈശാലി എന്ന ഒറ്റ ചിത്രം മതി ബാബു ആന്‍റണിയുടെ റേഞ്ച് മനസിലാക്കാൻ എന്നാണ് നടനെ പിന്തുണച്ചവർ വിശദീകരിച്ചത്.