രാമലീല എന്ന കന്നിചിത്രത്തിലൂടെ മലയാളത്തിന്‍റെ ഹിറ്റ് സംവിധായകന്മാരിലേക്ക് പേരുചേർക്കപ്പെട്ടയാളാണ് അരുൺ ഗോപി. മലയാളത്തിലെ എക്കാലത്തെയും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങളായ സേതുരാമയ്യർ സീരീസുകളിലൂടെ പ്രശസ്‌തനായ സംവിധായകൻ കെ. മധുവിന്‍റെ അസിസ്റ്റന്‍റായാണ് സിനിമയിലേക്കുള്ള അരുൺ ഗോപിയുടെ വരവ്.
എന്നാൽ, സഹസംവിധായകനായിരുന്നപ്പോൾ തന്നെ നേരറിയാൻ സിബിഐ എന്ന ചിത്രത്തിൽ താൻ ജൂനിയർ ആർട്ടിസ്റ്റായും പ്രവർത്തിച്ച അനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് അരുൺ ഗോപി. ചിത്രത്തിൽ പൊലീസുകാരനായാണ് അഭിനയിച്ചത്. എന്നാൽ, ജൂനിയർ ആർട്ടിസ്റ്റിന്‍റെ വേഷമിടാനുള്ള കാരണവും സംവിധായകൻ വ്യക്തമാക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
നേരറിയാൻ സിബിഐ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ ക്യാമറാമാന്‍ സാലു ജോർജിന്‍റെ വഴക്ക് പേടിച്ചാണ് അന്ന് ക്ലാപ്പ് ബോർഡ് അടിക്കുന്നതിന് പകരം ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ടത്. ഗുരുവായ മധു സാറിൽ നിന്ന് ശകാരവർഷങ്ങൾ കേട്ടിരുന്ന കാലത്തെയും നടന്മാരിലെ തന്‍റെ ആദ്യ സുഹൃത്തായ ജിഷ്ണുവിനെയും കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പിൽ പറയുന്നുണ്ട്.
അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'അന്നൊരു നാളിൽ...!! ക്ലാപ്പ് ബോർഡ് അടിക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണിയിൽ നിന്നും രക്ഷപ്പെടാനായി ജൂനിയർ ആർട്ടിസ്റ്റ് കുറവാണെന്ന വ്യാജേനെ പൊലീസ് വേഷത്തിൽ രക്ഷപെട്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്‍റ് ഡയറക്ടർ ജുവാവ്...!!
സാലു ജോർജ് സർ ആയിരുന്നു ക്യാമറാമാൻ!! എന്നെ ക്ലാപ്‌ബോർഡുമായി കണ്ടാൽ സാറിന് ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആയിരുന്നു!! കുറ്റം പറയാൻ പറ്റില്ല, കാരണം ഞാൻ പൊതുവെ സർ വെയ്ക്കുന്ന ഫ്രെയിമിന്‍റെ അപ്പുറത്തേ ക്ലാപ്പ് വെക്കൂ.
മധു സർ എന്ന ഗുരുമുഖത്തുനിന്നു ശകാരവർഷങ്ങൾ ഏറ്റുവാങ്ങി തോൽക്കാൻ തയ്യാറല്ലാത്ത ആ കാലത്തിന്‍റെ ഓർമ്മയ്ക്ക്..!! പ്രിയ ജിഷ്ണുവിനൊപ്പം!! ജിഷ്ണു ആയിരുന്നു ആദ്യ നടനായ സുഹൃത്ത്,' സംവിധായകൻ കുറിച്ചു.
Also Read: 'എനിക്ക് പ്രസവിക്കണ്ട' ; അന്ന ബെൻ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍
നേരറിയാൻ സിബിഐയിൽ താനുൾപ്പെടുന്ന സീനിന്‍റെ സ്ക്രീൻഷോട്ടും അരുൺ ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്. അതേ സമയം, കെ. മധുവിന്‍റെ നിർമാണസംരഭമായ കൃഷ്ണകൃപയുടെ ബാനറിൽ ഒരുക്കുന്ന ആദ്യചിത്രം സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിന്‍റെ ശിഷ്യനായ അരുൺ ഗോപിയാണ്.