ശിവകാര്‍ത്തികേയന്‍ നായകനായ വേലൈക്കാരനിലൂടെയും വിജയ് സേതുപതിയുടെ സൂപ്പർ ഡീലക്‌സിലൂടെയും തമിഴകത്തിലും സാന്നിധ്യമറിയിച്ച ഫഹദ് ഫാസിൽ വീണ്ടും കോളിവുഡിലെത്തുന്നത് ഉലകനായകനൊപ്പമാണ്. കമൽ ഹാസൻ- ലോകേഷ് കനകരാജ് ചിത്രം വിക്രമിൽ ഫഹദ് ഫാസിലിനെക്കൂടാതെ ആന്‍റണി വർഗീസും അഭിനയിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. വിജയ്‌യുടെ മാസ്റ്ററിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും മറ്റ് സിനിമാതിരക്കുകൾ കാരണം നടന് ചിത്രത്തിന്‍റെ ഭാഗമാകാൻ സാധിച്ചിരുന്നില്ല. എന്നാൽ, ലോകേഷ് കനകരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആന്‍റണി പേപ്പേ തമിഴിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.
More Read: കമൽ ഹാസന്‍റെ 'വിക്ര'മിൽ ഫഹദ് ഫാസിലും; സംവിധാനം ലോകേഷ് കനകരാജ്
കമൽഹാസന്‍റെ 232-ാമത്തെ ചിത്രമായ വിക്രത്തിൽ വിജയ് സേതുപതിയും മറ്റൊരു ശ്രദ്ധേയ കഥാപാത്രമായി ഉണ്ടാകുമെന്നും പറയുന്നു. ആക്ഷൻ ത്രില്ലർ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് ലോകേഷ് കനകരാജാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. രാജ് കമൽ ഫിലിം ഇന്‍റർനാഷണലിന്‍റെ ബാനറിലാണ് പൊളിറ്റിക്കൽ ത്രില്ലർ വിക്രം നിർമിക്കുന്നത്.