എറണാകുളം: മാധവൻ, റിഥിക സിംഗ് എന്നിവര്‍ പ്രധാന വേഷങ്ങളിൽ എത്തി ഹിറ്റായ ഇരുധി സുട്രു എന്ന സിനിമയിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്കര. ഇപ്പോള്‍ സൂര്യ നായകനായി എത്തുന്ന സൂരരൈ പോട്ര് എന്ന സിനിമയാണ് സുധയുടെ ഏറ്റവും പുതിയ ചിത്രം. ഇനി സുധയുടെ അടുത്ത സിനിമ തല അജിത്തുമായി ചേർന്നായിരിക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.
നിരവധി ബിഗ് ബജറ്റ് സിനിമകളുടെ നിർമാതാവായ ഗോകുലം ഗോപാലന്‍റെ നിർമാണ കമ്പനിയായ ശ്രീ ഗോകുലം മൂവിസാകും അജിത്തിന്‍റെ സുധ കൊങ്കര സിനിമ നിർമിക്കുക. എന്നാല്‍ ഈ വാര്‍ത്ത സംബന്ധിച്ച് ഇതുവരെ നിർമാതാവിന്‍റെയോ സംവിധായികയുയോ ഭാഗത്ത് നിന്ന് ഔദ്യോഗികമായ വെളിപ്പെടുത്തലുകൾ ഒന്നും വന്നിട്ടില്ല. നേരത്തെ നടൻ വിജയുമായാണ് സുധ കൊങ്കരയുടെ അടുത്ത സിനിമ എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. അതേസമയം നടൻ അജിത്ത് ഇപ്പോൾ എച്ച്.വിനോദിന്‍റെ വലിമൈ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. സിനിമയുടെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.