67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാര്‍: അറബിക്കടലിന്‍റെ സിംഹമായിരുന്നു മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രിയദര്‍ശനും ആന്‍റണി പെരുമ്പാവൂരും ഇതിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.
ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് രജനീകാന്ത് സ്വീകരിച്ചു. രണ്ട് പേരാണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. ധനുഷ് (തമിഴ്- അസുരന്‍), മനോജ് ബാജ്പേയി (ഹിന്ദി-ഭോസ്‌ലെ) എന്നിവര്‍. കങ്കണ റണാവത്ത് (മണികര്‍ണ്ണിക-ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക) ആണ് മികച്ച നടി.
![SITARA 67th National film award distribution 67th National film award National film award Marakkar Rajanikanth Kangana Rawat Asuran Dhanush awards latest news news entertainment entertainment news Dadasaheb Phalke award](https://etvbharatimages.akamaized.net/etvbharat/prod-images/13452877_-ka-2.jpg)
സഞ്ജയ് പുരന്‍ സിങ് ചൗഹാന്‍ ആണ് മികച്ച സംവിധായകന്‍. ഇത്തവണ 11 പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. ഹെലന്‍ ഒരുക്കിയ മാത്തുക്കുട്ടി സേവ്യര്‍ ആണ് മികച്ച പുതുമുഖ സംവിധായകന്‍. മികച്ച മലയാള ചിത്രത്തിനുള്ള അംഗീകാരം രാഹുല്‍ റിജി നായര്‍ക്കും (കള്ളനോട്ടം) സമ്മാനിച്ചു.
രണ്ട് പുരസ്‌കാരങ്ങള്‍ കൂടി മരക്കാറിന് ലഭിച്ചു. സ്പെഷ്യല്‍ എഫക്‌ടിനുള്ള പുരസ്‌കാരം സിദ്ധാര്‍ഥ് പ്രിയദര്‍ശനും (മരക്കാര്‍) മികച്ച വസ്‌ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം സുജിത്ത് സുധാകരനും ഏറ്റുവാങ്ങി.
വിജയ് സേതുപതിക്കാണ് (സൂപ്പര്‍ ഡീലക്‌സ്) മികച്ച സഹനടനുള്ള അവാര്‍ഡ്. പല്ലവി ജോഷി (ദി താഷ്‌കന്‍റ് ഫയല്‍സ്) സഹനടിയായി. മികച്ച ഗായകന്‍ ബി പ്രാക് (കേസരിയിലെ തേരി മിട്ടി), മികച്ച ഗായിക സവാനി രവീന്ദ്ര (മറാത്തി ബാര്‍ഡോയിലെ റാന്‍ പേടല) എന്നിവരുമാണ്.
![SITARA 67th National film award distribution 67th National film award National film award Marakkar Rajanikanth Kangana Rawat Asuran Dhanush awards latest news news entertainment entertainment news Dadasaheb Phalke award](https://etvbharatimages.akamaized.net/etvbharat/prod-images/13452877_-ka-1.jpg)
പ്രഭാവര്‍മ ഗാനരചനയ്ക്കും രഞ്ജിത്ത് അമ്പാടി മികച്ച മേക്കപ്പ് ആര്‍ട്ടിസ്‌റ്റിനും സുജിത്ത് സുധാകരനും സായിയും ചമയത്തിനും, ഗിരിഷ് ഗംഗാധരന്‍ (ജല്ലിക്കട്ട്) ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
സജിന്‍ ബാബുവിന്‍റെ ബിരിയാണിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. റസൂല്‍ പൂക്കുട്ടി (ഒത്ത സെരുപ്പ് സൈഡ് 7), ബിബിന്‍ ദേവ് എന്നിവര്‍ക്ക് മികച്ച ശബ്‌ദമിശ്രണത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
തെലുങ്കിലിറങ്ങിയ മഹര്‍ഷിയാണ് മികച്ച ജനപ്രിയ ചിത്രം. വാട്ടര്‍ ബറിയല്‍ ആണ് മികച്ച പരിസ്ഥിതി ചിത്രം. കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് കസ്‌തൂരി. തിരക്കഥയില്‍ (ഒറിജിനല്‍) കൗശിക് ഗാംഗുലിയും, ശീജിത്ത് മുഖര്‍ജിയും (അവലംബിതം) അംഗീകാരങ്ങള്‍ക്ക് അര്‍ഹരായി, സംഭാഷണ രചനയ്ക്കുള്ള അവാര്‍ഡ് വിവേക് രഞ്ജന്‍ അഗ്നിഹോത്രിയും ഏറ്റുവാങ്ങി.