പാലക്കാട്: കൊവിഡ് പ്രതിസന്ധിക്കിടയിലും തളരാതെ നൂതന രീതികളിലൂടെ മുന്നേറുന്ന രാജ്യാന്തര ചലച്ചിത്ര മേള സമാപന നഗരിയിലേക്ക് എത്തുകയാണ്. തിരുവനന്തപുരം, കൊച്ചി, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് മേള നാളെ മുതൽ പാലക്കാട് നഗരത്തിലുമെത്തുന്നു. മാർച്ച് അഞ്ചിന് ചലച്ചിത്രമേളക്ക് തിരശ്ശീല വീഴും.
ജില്ലയിലെ അഞ്ച് തിയേറ്ററുകളിലായാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. മത്സര വിഭാഗത്തിൽ 14 ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ നിന്നും ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയും ജയരാജ് സംവിധാനം ചെയ്ത ഹാസ്യവും രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നു. ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദർശനമാണ് കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ നടക്കുന്നത്. ഹാസ്യം വിവിധ അന്താരാഷ്ട്രമേളകളിൽ ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്. ബ്രസീൽ, ഫ്രാൻസ്, ഇറാൻ തുടങ്ങിയ പത്തു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്.
ചലച്ചിത്ര സംസ്‌കാരത്തിന്‍റെ സ്മരണകള്‍ പുതുക്കാൻ മുഖ്യ വേദിയായ പ്രിയ-പ്രിയദര്‍ശിനി-പ്രിയതമ കോംപ്ലക്‌സിൽ ഫോട്ടോ എക്‌സിബിഷൻ സംഘടിപ്പിക്കും. മേളയുടെ ചരിത്രവും വര്‍ത്തമാനവും പറഞ്ഞുകൊണ്ട് ചലച്ചിത്രോത്സവത്തിന്‍റെ നാൾവഴികളിലൂടെയുള്ള അപൂർവ ചിത്രങ്ങളുടെ ശേഖരമാണ് ഫോട്ടോ പ്രദര്‍ശനത്തില്‍ ഒരുക്കുന്നത്.
1994ല്‍ കോഴിക്കോടാണ് സംസ്ഥാനത്തെ ആദ്യ ഐഎഫ്എഫ്കെ നടന്നത്. ആദ്യ വര്‍ഷങ്ങളില്‍ കൊച്ചി- കോഴിക്കോട്- തിരുവനന്തപുരം ജില്ലകളിൽ നടത്തിയ മേളയുടെ സ്ഥിരംവേദി പിന്നീട് തിരുവനന്തപുരമായി. കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിലായി മേള നടത്താന്‍ തീരുമാനിച്ചത്.