സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ ആളുകൾ തിരയുന്ന പേരാണ് നേസാമണി. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെ പോലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ട്രെൻഡിങ്ങായി മാറുകയാണ് 'പ്രേ ഫോർ നേസാമണി' ഹാഷ് ടാഗ്. ആരാണ് ഈ നോസാമണി എന്നല്ലേ? 2001ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫ്രണ്ട്സില്‍ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരാണ് കോൺട്രാക്ടർ നേസാമണി.
സംഭവം തുടങ്ങുന്നത് അങ്ങ് പാകിസ്ഥാനില്‍ നിന്നാണ്. 'സിവില്‍ എൻജിനീയറിങ് ലേണേഴ്സ്' എന്ന ഫേസ്ബുക്ക് പേജില്‍ ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ഒരാൾ ചോദിച്ചു; 'നിങ്ങളുടെ രാജ്യത്ത് ഇതിന് എന്താണ് പറയുക?' ചോദ്യത്തിന് നിരവധി മറുപടികള്‍ ലഭിച്ചെങ്കിലും തമിഴ്നാട് സ്വദേശി വിഘ്നേശ് പ്രഭാകർ നല്‍കിയ മറുപടിയാണ് പിന്നീട് വൈറലായി മാറിയത്. 'ഇതിന്‍റെ പേരാണ് ചുറ്റിക. ഇത് വച്ച് അടിച്ചാല്‍ 'ടാങ് ടാങ്' ശബ്ദമുണ്ടാകും. ഇത് പെയിന്‍റിങ് കോൺട്രാക്ടർ നേസാമണിയുടെ തലയില്‍ വീണ് തല മുറിഞ്ഞിരുന്നു. പാവം', എന്നായിരുന്നു വിഘ്നേശിന്‍റെ മറുപടി. എന്നാല്‍ ഇത് സിനിമയിലെ കഥാപാത്രമാണെന്ന് അറിയാത്ത പാകിസ്ഥാൻകാർ 'ഇപ്പോൾ നേസാമണിക്ക് എങ്ങനെയുണ്ട്?' എന്ന് ചോദിച്ച് കമന്‍റുകൾ ഇടാൻ തുടങ്ങി. ഇതിന് പിന്നാലെ 'പ്രേ ഫോർ നേസാമണി' ടാഗുകളും ട്വിറ്റിറില്‍ തരംഗമായി.
1999 ല്‍ പുറത്തിറങ്ങിയ 'ഫ്രണ്ട്സ്' എന്ന മലയാള ചിത്രത്തിന്‍റെ തമിഴ് റീമേക്കായിരുന്നു വടിവേലു അഭിനയിച്ച സിനിമ. മലയാളത്തില്‍ ജഗതി ശ്രീകുമാർ ആണ് ലാസർ എന്ന പേരില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ലോകം നേസാമണിക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് കണ്ട് പരിഭവം പൂണ്ട മലയാളി ലാസർ ആരാധകർ, ലാസറിന്‍റെ തലയില്‍ ചുറ്റിക വീഴുന്ന ചിത്രങ്ങളും ഷെയർ ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.