വളരെ കുറച്ച് സിനിമകൾ കൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിച്ച താരമാണ് അന്ന ബെൻ. 'കുമ്പളങ്ങി നൈറ്റ്‌സി'ലെ ബേബി മോളെയും, 'കപ്പേള'യിലെ ജെസിയെയും, 'ഹെലനെ'യുമൊക്കെ അത്രവേഗം നമുക്ക് മറക്കാനാവില്ല. എന്നാലിപ്പോൾ തന്‍റെ മുന്നോട്ടുള്ള സിനിമാജീവിതത്തെക്കുറിച്ചും കഥാപാത്ര സങ്കൽപ്പങ്ങളെക്കുറിച്ചും മനസ് തുറക്കുകയാണ് അന്ന ബെൻ. സിനിമകളുടെ തുടർച്ചയായ വിജയത്തിലൂടെ ഒരു 'സേഫ് ആർട്ടിസ്റ്റായി' മാറാൻ തനിക്ക് താൽപര്യമില്ലെന്നാണ് താരത്തിന്‍റെ പ്രതികരണം.
'സിനിമയിൽ എനിക്ക് തെറ്റുകൾ വരാം. എല്ലാ തരം സിനിമകളും പരീക്ഷിക്കണം, ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് എന്താണെന്ന് മനസിലാക്കണം. ഒരു സേഫ് ആർട്ടിസ്റ്റായി മാറാൻ ആഗ്രഹിക്കുന്നില്ല. ഒരുപക്ഷേ ഞാൻ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ മോശമാകാം. എനിക്കത് തിരുത്താൻ ആഗ്രഹമുണ്ട്, ഞാൻ എന്നെ തന്നെ മുന്നോട്ട് ഉയർത്താൻ ആഗ്രഹിക്കുന്നു. അന്ന ബെൻ പറഞ്ഞു.
ഒന്ന്, രണ്ട് സിനിമകൾ വിജയിച്ചെന്നുകരുതി സുരക്ഷിത സ്ഥാനത്തേക്ക് ഒതുങ്ങിക്കൂടാൻ എനിക്ക് താൽപര്യമില്ല. കൂടുതൽ പരീക്ഷണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതുവഴി എനിക്ക് കൂടുതൽ സ്‌പേസും അറിവും ലഭിക്കും.' താരം പ്രതികരിച്ചു.
കൂടുതൽ രസകരമായ പ്രോജക്‌റ്റുകൾ ചെയ്യുക എന്നതാണ് ഇപ്പോൾ തനിക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. പലരും പുതിയ സ്‌ക്രിപ്‌റ്റുകളും കഥാപാത്രങ്ങളും ലഭിക്കുമ്പോൾ വിജയിക്കുമോ എന്ന ഭയം മൂലം അതിൽ നിന്ന് പിന്മാറുകയാണ് പതിവ്. എന്നാൽ അങ്ങനെ പിന്മാറാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം വെളിപ്പെടുത്തി.
ALSO READ: ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി ജാന്‍വി കപൂർ; ദൃശ്യങ്ങള്‍
താൻ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ മികച്ചതാണെന്ന് പലരും പറയുമ്പോഴും അടുത്ത കഥാപാത്രം അവർക്ക് ഇഷ്‌ടമാകുമോ എന്ന ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. എങ്കിലും തെറ്റ് പറ്റുന്നതിൽ താൻ ഭയപ്പെടുന്നില്ലെന്നും അന്ന ബെൻ കൂട്ടിച്ചേർത്തു.
ടൊവിനോ തോമസ് വാർത്ത അവതാരകനായി എത്തുന്ന 'നാരദൻ' എന്ന ചിത്രത്തിലാണ് ഒടുവിലായി താരം അഭിനയിച്ചത്. മാർച്ച് നാലിന് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നു.