മഞ്ജു വാര്യർ നായികയാവുന്ന വെള്ളരിക്കാപ്പട്ടണം സിനിമയ്‌ക്കെതിരെ അതേ പേരിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ സംവിധായകൻ. വെള്ളരിക്കാപ്പട്ടണം എന്ന പേര് തൻ്റെ സിനിമയ്ക്കായി 2018 ൽ തന്നെ രജിസ്റ്റർ ചെയ്തതാണെന്നാണ് നവാഗതസംവിധായകൻ മനീഷ് കുറുപ്പ് ചൂണ്ടിക്കാട്ടുന്നത്. രണ്ടു ചിത്രങ്ങൾ ഒരേ പേരിനു വേണ്ടി തർക്കത്തിലായതോടെ തൻ്റെ ചെറിയ ചിത്രം റിലീസ് പ്രതിസന്ധി നേരിടുകയാണെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.
വിഷയം ചൂണ്ടിക്കാട്ടി മഞ്ജുവാര്യരെയും മഞ്ജുവിൻ്റെ സിനിമയുടെ സംവിധായകനായ മഹേഷ് വെട്ടിയാറിനെയും സമീപിച്ചെങ്കിലും അവഗണിക്കുകയാണെന്ന് മനീഷ് കുറുപ്പ് പറഞ്ഞു. പേര് ഒന്നായതിനാൽ തൻ്റെ സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരസിക്കുകയാണ്. മഞ്ജുവാര്യരും ചിത്രത്തിലെ മറ്റൊരു അഭിനേതാവായ സൗബിൻ ഷാഹിറും ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് മനീഷ് കുറുപ്പ് ആവശ്യപ്പെട്ടു.
ആവശ്യമുന്നയിച്ച് മഞ്ജുവാര്യർക്കും സൗബിൻ ഷാഹിറിനുമായി മനീഷ് കുറുപ്പ് ഫേസ്ബുക്കിൽ തുറന്ന കത്തെഴുതിയിരുന്നു. മഞ്ജു അഭിനയിക്കുന്ന മഹേഷ് വെട്ടിയാറിൻ്റെ വെള്ളരിക്കാപട്ടണം 2020ൽ അനൗൺസ് ചെയ്ത ചിത്രമാണ്. 2018 ൽ തന്നെ രജിസ്റ്റർ ചെയ്ത് ചിത്രീകരണം പൂർത്തിയാക്കി സെൻസറിംഗ് വരെ എത്തിയ തൻ്റെ സിനിമയുടെ പേര് മാറ്റാനാവില്ലെന്ന് മനീഷ് കുറുപ്പ് വ്യക്തമാക്കുന്നു.
ഏറെ സാമ്പത്തിക പ്രതിസന്ധികളിലൂടെയും കടം വാങ്ങിയും ആണ് ചിത്രം പൂർത്തീകരിച്ചത്. നിയമപരമായ നൂലാമാലകളിൽ കുടുങ്ങി ചിത്രത്തിൻ്റെ റിലീസ് വൈകിയാൽ തനിക്ക് പിടിച്ചുനിൽക്കാൻ നിവൃത്തിയില്ലാതെ വരുമെന്നും മനീഷ് കുറുപ്പ് വ്യക്തമാക്കുന്നു.
Also Read: കഥാപാത്രങ്ങൾ ജീവിതത്തിലും ഒന്നിക്കുകയാണ്... നടി ചന്ദ്ര ലക്ഷ്‌മണും ടോഷ് ക്രിസ്‌റ്റിയും വിവാഹിതരായി