ഓസ്‌കര്‍ എന്‍ട്രിയില്‍ ഇടംപിടിച്ച് നവാഗത സംവിധായകന്‍ പി.എസ് വിനോദ് രാജിന്‍റെ തമിഴ് ചിത്രം കൂഴങ്കള്‍. 94ാമത് ഓസ്‌കാര്‍ അവാര്‍ഡില്‍ അന്താരാഷ്‌ട്ര ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നുള്ള തമിഴ് ചിത്രം കൂഴങ്കള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഷാജി എന്‍ കരുണ്‍ അദ്ധ്യക്ഷനായ 15 അംഗ കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
റൗഡി പിക്‌ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിച്ചിരക്കുന്ന ചിത്രം റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്കാരം നേടിയിരുന്നു. 2017ല്‍ സനല്‍ കുമാര്‍ ശശിധരന്‍റെ സെക്‌സി ദുര്‍ഗയ്ക്ക് ശേഷം ടൈഗര്‍ അവാര്‍ഡ് ലഭിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ ചിത്രമാണ് കൂഴങ്കള്‍.
ചെല്ലപ്പാണ്ടി, കറുത്തതാടിയാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ഒരു അച്‌ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. മദ്യപാനിയായ ഭര്‍ത്താവിന്‍റെ പീഡനം സഹിക്ക വയ്യാതെ വീട് വിട്ടു പോകുന്ന ഭാര്യയും ഒടുവില്‍ അവരെ തിരികെയെത്തിക്കാന്‍ ഭര്‍ത്താവും മകനും പരിശ്രമിക്കുകയും അതിലവര്‍ വിജയിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
കുഞ്ചാക്കോ ബോബന്‍റെ നായാട്ട്, വിദ്യാബാലന്‍റെ ഷേര്‍ണി, യോഗി ബാബുവിന്‍റെ മണ്ടേല, സര്‍ദാര്‍ ഉദ്ദം, ചെല്ലോ ഷോ എന്നീ ഗുജറാത്തി ചിത്രം തുടങ്ങീ രാജ്യത്തെ വിവിധ ഭാഷകളിലായി പതിനാലോളം സിനിമകളാണ് ഇത്തവണ ഇത്തവണ ഓസ്‌കാര്‍ നാമ നിര്‍ദേശത്തിനായി മാറ്റുരയ്ക്കുക.
കാലിഫോര്‍ണിയയിലെ ഡോബ്‌ലി തിയേറ്ററില്‍ വെച്ച് 2022 മാര്‍ച്ച് 27നാണ് ഓസ്‌കാര്‍ പുരസ്കാര സമര്‍പ്പണം.