കോഴിക്കോട്: ‘കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി’ എന്ന് തുടങ്ങുന്ന ഗാനം മലയാളിക്ക് സ്വന്തമായിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. എന്നാൽ ഈ ഗാനത്തിന് ആധാരമായ സിനിമ 'നീലക്കടമ്പ്' ഇന്നും നിർമിച്ചിട്ടില്ല. 'നീലക്കടമ്പ്' ഇന്നും ഒരു കടമ്പയാണ്.
1985ൽ ചിത്രീകരണം തുടങ്ങിയെങ്കിലും പൂർത്തിയാവാതെ പോയ ‘നീലക്കടമ്പ്’ എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും മികച്ചതായിരുന്നു. ദീപം കൈയിൽ സന്ധ്യാ ദീപം.., നീലക്കടമ്പുകളിൽ.., നീലക്കുറുഞ്ഞികൾ പൂക്കുന്ന വീഥിയിൽ.. ഇതെല്ലാമുണ്ടെങ്കിലും 'കുടജാദ്രിയിൽ' എന്ന പാട്ട് മലയാളിയുടെ മനസായിരുന്നു.
എന്നാൽ ആ സിനിമ വീണ്ടും നിർമിക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിൻ്റെ നിർമാതാവും സംവിധായകനുമായ എസ്.എസ് അംബികുമാർ.
കോഴിക്കോട്ടെ ആദ്യകാല സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു എസ്.എസ് അംബികുമാർ. 1969ൽ ‘കളിയല്ല കല്യാണം’ എന്ന സിനിമയിലൂടെയാണ് അംബി സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറാകുന്നത്. ഭരതന്‍റെ കൂടെ ‘ഒഴിവുകാലം’, ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’ എന്നീ സിനിമകളിലും പ്രവർത്തിച്ചു.
നീലക്കടമ്പ് ഒരു സ്വപ്‌നം
ജോലിത്തിരക്കുകൾ കഴിഞ്ഞാൽ കൊല്ലൂരേക്ക് പോകുമായിരുന്നു. മൂകാംബികയിൽ പോയ ശേഷം കുടജാദ്രി കയറും. അങ്ങനെയൊരു യാത്രയിലാണ് നീലക്കടമ്പിന്‍റെ കഥ രൂപപ്പെടുത്തി എടുത്തത്. മോനിഷ, നെടുമുടി വേണു, തിലകൻ, രതീഷ്... തുടങ്ങിയവർ കഥാപാത്രങ്ങളായാണ് സിനിമയ്ക്ക് തുടക്കമിട്ടത്.
പല തവണ ഒരുങ്ങിയിട്ടും മൂകാംബികയിൽ പോകാൻ സാധിക്കാതിരുന്ന രവീന്ദ്രൻ മാസ്റ്റർ ജീവിതത്തിൽ ആദ്യമായി മൂകാംബിക ദർശനം കഴിഞ്ഞ് തിരികെ എത്തിയ ദിവസമാണ് 'കുടജാദ്രിക്ക്' തുടക്കമാകുന്നത്. കോഴിക്കോട് കലക്‌ടറായിരുന്ന കെ.ജയകുമാറിനെ വരികൾ എഴുതാൻ ഏൽപ്പിച്ചു. ജീവിതത്തിൽ അന്നുവരെ മൂകാംബികയിൽ പോയിട്ടില്ലാത്ത, കുടജാദ്രി കാണാത്ത കവിയ്ക്ക് ആവശ്യമായ അറിവ് പകർന്ന് നൽകിയതും സംവിധായകൻ അംബി ആയിരുന്നു.
"കുടജാദ്രിയിൽ എന്ന പാട്ട് മോനിഷയെ വച്ച് ഷൂട്ട് ചെയ്‌തു. കൂടെ നിന്നവരൊക്കെ വിട്ടുപോയി. ആരെയും അടുപ്പിക്കാൻ കഴിയില്ലെന്ന് മനസിലായതോടെ ആ സിനിമ നടക്കാതായി. ഇതിനിടെ ഞാനൊരു കാറപകടത്തിൽപെട്ടു. ഇടതുകൈ പൊക്കാൻ കഴിയാതെ മാസങ്ങളോളം ആശുപത്രിയിൽ കിടന്നു. പിന്നീടായിരുന്നു മോനിഷയുടെ മരണം. അതോടെ എല്ലാം ഉപേക്ഷിച്ചു," അംബി പറയുന്നു.
തിരുവനന്തപുരം ആയുർവേദ ആശുപത്രിയിൽ കിടക്കുകയായിരുന്നു. സിനിമയ്ക്കായി വാങ്ങിയ അഡ്വാൻസ് തുകയും അതിനുപുറമെ കുറച്ചധികം തുകയും അക്കാലത്ത് നെടുമുടി വേണു തിരിച്ചുതന്നു. മറ്റാരും ഒന്നും തിരികെ തന്നില്ല. കാസറ്റിലൂടെ കിട്ടിയ തുക മാത്രമാണ് ഏക ആശ്വാസമെന്നും അംബി ഓർക്കുന്നു.
അടൂരിന്‍റെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എഡിറ്റർ രാമൻനായരാണ് നീലക്കടമ്പിന്‍റെ തിരക്കഥ ഒരുക്കിയത്. 120 സീനുകളും എഴുതി പൂർത്തിയാക്കിയിരുന്നു. അനേകകാലം കാത്തിരുന്നിട്ടും നീലക്കടമ്പ് സിനിമ നടക്കാതായപ്പോൾ നിരാശയായി. ഒടുവിൽ തിരക്കഥയെടുത്ത് കത്തിച്ചുകളഞ്ഞു. എങ്കിലും മനസിൽ ആ തിരക്കഥ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണെന്നും അംബി പറയുന്നു.
പുതിയ കാലഘട്ടത്തിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് കെ.ജയകുമാറാണ് നീലക്കടമ്പിൻ്റ തിരക്കഥ തയാറാക്കുന്നത്. കടമ്പകൾ മാറി ‘നീലക്കടമ്പ്’ വീണ്ടും ജീവൻ വയ്ക്കുകയാണ്. ഈ സിനിമ ചെയ്യാതെ മറ്റൊരു സിനിമയെക്കുറിച്ച് ആലോചിക്കില്ലെന്ന് അംബി പറയുന്നു. ലക്ഷക്കണക്കിന് ആളുകൾ എറ്റെടുത്ത പാട്ട് തന്നെയായിരിക്കും വരാനിരിക്കുന്ന സിനിമയുടെ വിജയമായി തീരുകയെന്നും എസ്.എസ് അംബികുമാർ പറഞ്ഞു.
Also Read: കർണാടക കോൺഗ്രസിലെ വീഡിയോ വിവാദം, ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഡികെ ശിവകുമാര്‍