എത്ര തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്ന താരമാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. ഭാര്യ കരീനയ്ക്കും മകന്‍ തൈമൂറിനുമൊപ്പം ഇടയ്ക്കിടെ അവധികാല യാത്രകൾ പോകാറുമുണ്ട് താരം. തിരക്കേറിയ അഭിനയജീവിതത്തിനിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് സെയ്ഫ്.
മണിക്കൂറുകൾ നീളുന്ന ഷൂട്ടിങ്ങിന് ശേഷം ക്ഷീണിച്ച് വീട്ടിലെത്തുമ്പോള്‍ ഉറങ്ങുന്ന മകനെ കാണുമ്പോള്‍ തനിക്ക് കുറ്റബോധം തോന്നുമെന്ന് സെയ്ഫ് പറയുന്നു. ''ജോലി കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോള്‍ തൈമൂര്‍ ഉറങ്ങിയിട്ടുണ്ടെങ്കില്‍ വല്ലാത്ത കുറ്റബോധം തോന്നും. എട്ട് മണി കഴിഞ്ഞും ഷൂട്ട് തുടർന്നാല്‍ ഞാൻ അസ്വസ്ഥനാകും. കാരണം എന്റെ മകന് വേണ്ടി മാറ്റി വയ്‌ക്കേണ്ട സമയമാണ് അവിടെ നഷ്ടമാകുന്നത്'', സെയ്ഫ് പറഞ്ഞു.
കുടുംബത്തിനൊപ്പം സമയം ചെലവഴിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് തന്‍റെ മാതാപിതാക്കളില്‍ നിന്നും പഠിച്ചിട്ടുണ്ടെന്നും സെയ്ഫ് വ്യക്തമാക്കി. ''എന്റെ അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഒരു ക്രിക്കറ്റ് താരമായിരുന്നു. അമ്മ ഷര്‍മ്മിള ടാഗോര്‍ ആകട്ടെ അഭിനേത്രിയും. രണ്ട് പേര്‍ക്കും തിരക്ക് പിടിച്ച സമയമാകും എന്നിരുന്നാലും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കേണ്ടതിന്റെ പ്രാധാന്യവും അങ്ങനെയാണ് ജീവിതം മനോഹരമാകുന്നതെന്നും അവര്‍ ഞങ്ങളെ പഠിപ്പിച്ചു", സെയ്ഫ് പറയുന്നു.