സൂര്യക്ക് പിറന്നാൾ സമ്മാനമായി തിരുവനന്തപുരം രാജാജി നഗറിലെ ചുണക്കുട്ടികൾ പുനരാവിഷ്‌കരിച്ച അയൻ സിനിമയിലെ ഗാനം മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ശ്രദ്ധ കവർന്നിരുന്നു. കൂടാതെ, സാക്ഷാൽ സൂര്യയും ഇവരെ വിളിച്ച് പ്രശംസ അറിയിക്കുകയും ട്വീറ്റും ചെയ്‌തിരുന്നു.
കാമറ സ്റ്റാൻഡോ വീഡിയോ സോഫ്‌റ്റ്‌വെയറുകളോ ഇല്ലാതെ മൊബൈൽ കാമറയിൽ മനോഹരമായി അയൻ സിനിമയിലെ ഗാനം പുനരാവിഷ്‌കരിച്ച മിടുക്കന്മാർക്ക് സിനിമയിൽ നിന്നും ക്ഷണം ലഭിച്ചിരിക്കുകയാണ്.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്' എന്ന ചിത്രത്തിലൂടെയാണ് കുട്ടിത്താരങ്ങൾ ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. തെന്നിന്ത്യൻ താരങ്ങൾ അർജുൻ സർജയും നിക്കി ഗൽറാണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഹുഭാഷ ചിത്രമാണിത്.
സിനിമയിൽ നിക്കി ഗൽറാണിയെ തട്ടിക്കൊണ്ടുപോകുന്ന ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരായാണ് രാജാജി നഗറിലെ കുട്ടികൾ അഭിനയിക്കുന്നത്. അയൻ ചിത്രത്തിലെ രംഗങ്ങളും ഗാനവും എഡിറ്റ് ചെയ്‌ത അഭിയ്‌ക്ക് എഡിറ്റിങ് പഠനത്തിനും സിനിമ അവസരം നല്‍കുമെന്ന് റിപ്പോർട്ടുകളുണ്ട്.
More Read: 'ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാരെ പ്രശംസിച്ച് സൂര്യ
സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ അതീവ സന്തോഷവാന്മാരാണ് കുട്ടികൾ. ചുണക്കുട്ടന്മാർക്കൊപ്പം നടി നിക്കി ഗൽറാണി നൃത്തം ചെയ്യുന്ന ലൊക്കേഷൻ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.