ഹൈദരാബാദ്: രാധേ ശ്യാമിന്‍റെ വിജയത്തിന് പിന്നാലെ ചികിത്സക്കായി സ്‌പെയിനിലേക്ക് പോയ തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസിനെ ശസ്‌ത്രക്രിയക്ക് വിധേയമാക്കിയതായി റിപ്പോർട്ട്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ സലാറിന്‍റെ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഇതിനെത്തുടർന്നാണ് പ്രഭാസ് ചികിൽസക്കായി സ്‌പെയിനിലേക്ക് പറന്നത്.
അതേസമയം പ്രഭാസിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും ചെറിയ രീതിയിലുള്ള ശസ്‌ത്രക്രിയയാണ് നടത്തിയതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും താരത്തിന് പൂർണ വിശ്രമമാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്.
താരത്തിന്‍റെ ബിഗ്‌ബജറ്റ് ചിത്രം രാധേ ശ്യാം കഴിഞ്ഞ ആഴ്‌ചയാണ് പുറത്തിറങ്ങിയത്. 300 കോടി രൂപ ചിലവിൽ പുറത്തിറക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാധാകൃഷ്‌ണ കുമാർ സംവിധാനം ചെയ്‌ത ചിത്രം യൂറോപ്പിന്‍റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിൽ ഒരു കൈനോട്ടക്കാരന്‍റെ വേഷമാണ് പ്രഭാസിന്.
ALSO READ: ഉറക്കത്തിന്‍റെ കഥ; വരാന്തയില്‍ കിടന്നുറങ്ങി മമ്മൂട്ടി
അതേസമയം പ്രഭാസിന്‍റേതായി ഒട്ടനവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബഹുഭാഷാ പുരാണ ചിത്രമായ ആദിപുരുഷ്, സലാർ, പ്രോജക്റ്റ്-കെ, സ്പിരിറ്റ്, സംവിധായകൻ മാരുതിക്കൊപ്പമുള്ള ചിത്രം എന്നിവയാണ് പുതിയ ചിത്രങ്ങൾ.