മലയാളികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത പേരാണ് സിസ്റ്റർ ലിനി. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ കാലത്ത് സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ രോഗികളെ ശുശ്രൂഷിക്കുകയും ഒടുവില്‍ നിപ ബാധിച്ച് ലോകത്തോട് വിട പറയുകയും ചെയ്ത മാലാഖ. ലിനി മരിച്ചതിന്‍റെ മൂന്നാം നാൾ തന്നെ തേടിയെത്തിയ നടി പാർവ്വതിയുടെ ഫോൺകോളിനെ കുറിച്ച് ലിനിയുടെ ഭർത്താവ് സജീഷ് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
മക്കളുടെ പഠനച്ചിലവ് ഏറ്റെടുത്തോട്ടെ എന്ന ആവശ്യവുമായി ലിനി മരിച്ച് മൂന്നാം നാൾ പാർവ്വതി തന്നെ വിളിച്ചിരുന്നു എന്നാണ് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ‘സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത്. ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി’ പാർവ്വതിയുടെ വാക്കുകൾ. പക്ഷെ അന്ന് ഞാന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍മാര്‍ ഇതേ ആവശ്യവുമായി വന്നു. ‘ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം’ എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി,’ സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ലിനിയുടെ മരണ ശേഷം ഇതുവരെ താന്‍ സിനിമയൊന്നും കണ്ടിട്ടില്ലെന്നും എന്നാല്‍ ‘ഉയരെ’ എന്ന പാര്‍വ്വതി ചിത്രം എന്തായാലും കാണുമെന്നും സജീഷ് പറയുന്നു. ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും പാര്‍വ്വതി എന്ന വ്യക്തിയെ നേരിട്ടറിയാവുന്നത് കൊണ്ടും തീര്‍ച്ചയായും ചിത്രം കാണുമെന്നാണ് സജീഷ് പറയുന്നത്.
- " class="align-text-top noRightClick twitterSection" data="">
നിപ വൈറസിനെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രം ജൂൺ ഏഴിന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലാണ്. പാർവ്വതിയും വൈറസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.