‘മൈ സ്റ്റോറി’യിലൂടെ മലയാള സിനിമയിൽ സംവിധായികയായി അരങ്ങേറ്റം കുറിച്ച റോഷ്നി ദിനകറിന്‍റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ കഥയും നിർമ്മാണവും നിർവ്വഹിക്കുന്നത് സംവിധായകൻ ഒമർ ലുലുവാണ്. ഒമര്‍ ലുലു എന്റര്ടൈന്മെന്റ് എന്ന ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഓഗസ്തില്‍ ആരംഭിക്കും. പുതുമുഖങ്ങളായിരിക്കും എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുക.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗോപി സുന്ദറിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മൂവരും ചേര്‍ന്ന് ചിത്രം അനൗണ്‍സ് ചെയ്തത്. ചിത്രത്തിന് യോജിക്കുന്ന പേര് നിര്‍ദേശിക്കാനും പ്രേക്ഷകരോട് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനാല് വർഷത്തോളം സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്തതിന് ശേഷമാണ് റോഷ്നി സംവിധാനരംഗത്തേക്ക് കടന്നത്. ആദ്യ ചിത്രം ‘മൈ സ്റ്റോറി’യില്‍ പൃഥ്വിരാജും പാർവതിയുമാണ് മുഖ്യവേഷങ്ങളില്‍ എത്തിയത്. എന്നാൽ നടി പാർവ്വതിയ്ക്ക് എതിരെയുള്ള സൈബർ ആക്രമണത്തിന് ‘മൈ സ്റ്റോറി’യും ഇരയാവുകയും ബോക്സ് ഓഫീസിൽ വേണ്ടത്ര വിജയം കൈവരിക്കാൻ കഴിയാതെ പോവുകും ചെയ്തിരുന്നു. ‘ഹാപ്പി വെഡിങ്’, ‘ചങ്ക്‌സ്’, ‘ഒരു അടാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമർ ലുലു പുതുമുഖതാരങ്ങൾക്ക് അവസരം നൽകുക എന്ന ഉദ്ദേശത്തോടെയാണ് നിർമാണരംഗത്തേക്ക് കടക്കുന്നത്. ‘ഒരു അഡാർ ലവ്വ്’ ആണ് ഒമർ ലുലുവിന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം.