കനത്ത മഴയെ തുടർന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. വൈദ്യുതിയും ആശയവിനിമയവുമെല്ലാം താറുമാറായ സ്ഥിതിയാണ്. വിമാനങ്ങൾ റദ്ദാക്കുന്നു, ട്രെയിൻ ഗതാഗതം പൂർണമായും നിലച്ചു. വെള്ളിയാഴ്‌ച മുതല്‍ നിർത്താതെ പെയ്ത് കൊണ്ടിരിക്കുന്ന മഴയില്‍ സാധാരണക്കാർ മാത്രമല്ല, ബോളിവുഡ് താരങ്ങളും കുടുങ്ങിയിരിക്കുകയാണ്.
നടൻ അക്ഷയ് കുമാറും കുടുംബവും ഉൾപ്പടെ നിരവധി താരങ്ങളാണ് ഗതാഗതം തടസ്സപ്പെട്ടതോടെയും വിമാനങ്ങൾ ദിശമാറ്റിയതോടെയും പ്രതിസന്ധിയിലായത്. മകള്‍ നിതാരക്കൊപ്പം വിദേശത്ത് അവധി ആഘോഷിക്കാന്‍ യാത്ര തിരിച്ച അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. തെന്നിന്ത്യൻ നടി രാകുല്‍ പ്രീത് മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ വിമാനങ്ങളൊന്നും ടേക്ക് ഓഫ് ചെയ്യുന്നില്ലെന്നാണ് രാകുല്‍ ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈ വിമാനത്താവളം പ്രവർത്തിക്കുന്നുണ്ടോ എന്ന സോനം കപൂറിന്‍റെ ട്വീറ്റിന് മറുപടിയായിട്ടാണ് രാകുല്‍ തന്‍റെ അവസ്ഥ വിവരിച്ചത്. കൃതി സനോൺ ആണ് മഴയില്‍ കുടുങ്ങിയ മറ്റൊരു താരം. ഡല്‍ഹിയിലെ ഷൂട്ടിങ് കഴിഞ്ഞ് മുംബൈയിലേക്ക് വരികയായിരുന്നു കൃതി. എന്നാല്‍ മോശം കാലാവസ്ഥയെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ച് വിടുകയായിരുന്നു. സംവിധായകൻ അനുരാഗ് കശ്യപ് നാല് മണിക്കൂറാണ് റോഡില്‍ കുടുങ്ങിയത്. ആലിയ ഭട്ട്, പൂജ ഭട്ട് ഉൾപ്പടെ നിരവധി താരങ്ങൾ ജനങ്ങളോട് സുരക്ഷിതരായി ഇരിക്കണമെന്നും ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേ സമയം, മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 35 ആയി.