സാന്‍റ ഫെ : സിനിമ ചിത്രീകരണത്തിനിടെ വെടിയേറ്റ് ഛായാഗ്രാഹക ഹൈലെന ഹുച്ചിന്‍സ് (42) ദാരുണാന്ത്യത്തിന് ഇടയായ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ വ്യക്തമാക്കുന്ന കോടതി രേഖകൾ പുറത്ത്. ഷൂട്ടിങ്ങിനിടെ അസിസ്റ്റന്റ് ഡയറക്ടർ ഡേവ് ഹാൾസ്, നായകനായ അലക് ബാള്‍ഡ് വിന്നിന് റിഹേഴ്‌സലിനായി പ്രോപ് ഗണ്‍ (സിനിമ ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്) നല്‍കിയത് വെടിയുണ്ട ഇല്ലെന്ന് പറഞ്ഞാണെന്ന് കോടതി രേഖയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. അതേസമയം, സംഭവത്തില്‍ അടിയന്തരമായി സഹായമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് 911 എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് സൂപ്പർവൈസർ മാമി മിച്ചൽ സംസാരിച്ചതിന്‍റെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഫോണ്‍ സംഭാഷണം പുറത്തുവന്നു.
ഷൂട്ടിങ്ങിനിടെ പ്രോപ്പ് ഗണ്ണില്‍ നിന്നും രണ്ടുപേര്‍ക്ക് അബദ്ധത്തിൽ വെടികൊണ്ടെന്നും ഉടനടി സഹായം വേണമെന്നുമാണ് മാമി പറയുന്നത്. തോക്കിൽ യഥാർഥ ബുള്ളറ്റായിരുന്നോ നിറച്ചതെന്ന് ഹെല്‍പ്‌ലൈന്‍ സെന്‍ററില്‍ നിന്നും ചോദിച്ചപ്പോള്‍, അതേക്കുറിച്ച് തനിയ്‌ക്ക് പറയാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.
'ഷൂട്ടിന് മുന്‍പ് സുരക്ഷയൊരുക്കിയില്ല'
സാന്‍റ ഫെ കൗണ്ടി റീജിയണൽ എമർജൻസി കമ്മ്യൂണിക്കേഷൻസ് സെന്‍ററാണ് ഇതുസംബന്ധിച്ച ശബ്‌ദരേഖ പുറത്തുവിട്ടത്. അലക് ബാള്‍ഡ് വിന്‍ ട്രിഗർ വലിച്ചപ്പോൾ മനപ്പൂര്‍വമല്ലാതെ ഛായാഗ്രാഹകയുടെ ദേഹത്ത് പതിക്കുകയായിരുന്നു.
തടികൊണ്ടുണ്ടാക്കിയ ചാപ്പൽ സെറ്റിന് സമീപത്ത് നിന്നിരുന്ന സംവിധായകൻ ജോയൽ സൂസയ്‌ക്കും ഗുരുതര പരിക്കേറ്റിരുന്നു. തിരയില്ലാത്ത യഥാർഥ തോക്കാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നതെങ്കിലും, കാഞ്ചിവലിച്ചെന്ന് തോന്നിക്കാന്‍ വെടിയുണ്ട നിറയ്‌ക്കാറുണ്ട്.
അകലം പാലിച്ച് വെടിവച്ചില്ലെങ്കില്‍ അപകടം സംഭവിക്കാനിടെയുണ്ട്. ഇതാവാം അപകടത്തിന് കാരണമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതോടൊപ്പം തന്നെ സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്ന് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരോപിച്ചു. ഇക്കാര്യം ആദ്യമേ സൂചിപ്പിച്ചിരുന്നു. ഒരുക്കങ്ങള്‍ നടത്തുന്നതിന് ജാഗ്രത കാണിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
ALSO READ: സിനിമ ചിത്രീകരണത്തിനിടെ നടന്‍റെ വെടിയേറ്റ് ഛായാഗ്രാഹക കൊല്ലപ്പെട്ടു, സംഭവം ഹോളിവുഡില്‍
യു.എസിലെ ന്യൂമെക്സികോയില്‍ സാന്‍റ ഫെയില്‍ റസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. വെടിയേറ്റ ഹച്ചിൻസിനെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുതിര്‍ന്ന നടന്‍ അലക് ബോള്‍ഡ് വിന്നിന്‍റെ പ്രോപ് ഗണ്ണില്‍ നിന്നും വെടിപൊട്ടിയെന്ന് ദൃക്‌സാക്ഷികള്‍ അന്വേഷണ സംഘത്തോടുപറഞ്ഞിരുന്നു. ചിത്രത്തില്‍ അബദ്ധത്തില്‍ ഒരാളെ വെടിവെച്ച് കൊല്ലുന്ന 13കാരന്‍റെ അച്ഛന്‍ റസ്‌റ്റായാണ് ബോള്‍ഡ് വിന്‍ അഭിനയിക്കുന്നത്.