മലയാള സിനിമയുടെ സുവർണ്ണ ദിനങ്ങളിലൊന്നാണ് ഇന്ന്. നടന വിസ്മയം മോഹൻലാലിന്‍റെ 59ാം പിറന്നാൾ ദിനം.
1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായാണ് മോഹൻലാല്‍ ജനിക്കുന്നത്. മുടവന്‍മുകള്‍ സ്‌കൂള്‍, തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ലാല്‍ തിരുവനന്തപുരം എംജി കോളജില്‍ നിന്ന് ബികോം ബിരുദം നേടി. കോളേജ് കാലയളവിലാണ് അദ്ദേഹം അഭിനയവുമായി ചങ്ങാത്തത്തിലായത്. 1978ല്‍ 'തിരനോട്ടം' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറുന്നത്. സുഹൃത്തുക്കളായ പ്രിയദർശൻ, സുരേഷ് കുമാർ എന്നിവരുമായി ചേർന്ന് ആരംഭിച്ച നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല.
പിന്നീട് മലയാളത്തിന്‍റെ ഭാഗ്യമായി 1980ല്‍ പുറത്തിറങ്ങിയ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനായി ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. പിന്നീട് മോഹൻലാല്‍ എന്ന നടന്‍റെ വളർച്ച ഓരോ മലയാളിയുടെയും കൺമുന്നിലൂടെയായിരുന്നു. കാമുകനായും വില്ലനായും രക്ഷകനായുമെല്ലാം അദ്ദേഹം തിരശ്ശീലയില്‍ നിറഞ്ഞാടി. 1984ല്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെ അന്നേവരെയുള്ള ഹാസ്യ സങ്കല്‍പ്പങ്ങളെ മുഴുവൻ തിരുത്തി കുറിച്ച് കൊണ്ടുള്ള അഭിനയമാണ് അദ്ദേഹം കാഴ്ച്ച വെച്ചത്. 1986ല്‍ പുറത്തിറങ്ങിയ ടി പി ബാലഗോപാലൻ എംഎ എന്ന ചിത്രത്തിന് മികച്ച നടനുള്ള ആദ്യ സംസ്ഥാന സർക്കാർ പുരസ്കാരം സ്വന്തമാക്കി. അതേ വർഷം റിലീസ് ചെയ്ത രാജാവിന്‍റെ മകൻ മലയാള സിനിമയിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തു. രാജാവിന്‍റെ മകൻ മോഹൻലാല്‍ എന്ന നടനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിക്കുകയും ചെയ്തു. 1991ല്‍ പുറത്തിറങ്ങിയ 'ഭരതം' ആയിരുന്നു മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത ആദ്യ ചിത്രം. 1999ല്‍ വാനപ്രസ്ഥത്തിലെ കുഞ്ഞൂട്ടനെ അവിസ്മരണീയമാക്കി രണ്ടാമത്തെ ദേശീയ പുരസ്കാരവും സ്വന്തമാക്കി.
മലയാളികൾക്ക് മോഹൻലാല്‍ എന്നാല്‍ അവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അത് കൊണ്ട് തന്നെ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ എടുത്തെടുത്ത് പറഞ്ഞ് ഓർമ്മ പുതുക്കേണ്ട ആവശ്യമില്ല. ആടു തോമയെയും കുഞ്ഞൂട്ടനെയും നീലകണ്ഠനെയും സേതുമാധവനെയുമൊക്കെ മറ്റൊരു നടന്‍റെ രൂപത്തില്‍ നമുക്ക് സങ്കല്‍പ്പിക്കാൻ കഴിയില്ല. മലയാള സിനിമാ ബോക്സ് ഓഫീസ് കളക്ഷനില്‍ 50 കോടിയും 100 കോടിയും 200 കോടിയും മറികടന്നത് മോഹൻലാല്‍ ചിത്രങ്ങളിലൂടെയാണ്.
2001ല്‍ പത്മശ്രീയും 2019ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2005ല്‍ പുറത്തിറങ്ങിയ മേജർ രവി ചിത്രം കീർത്തിചക്രയിലെ മേജർ മഹാദേവൻ എന്ന കഥാപാത്രം ഇന്ത്യൻ ടെറിടോറിയല്‍ ആർമിയുടെ ലഫ്നന്‍റ് കേണല്‍ പദവി ലാലിന് നേടി കൊടുത്തു. നമ്മളെ ചിരിപ്പിച്ചും, കരയിപ്പിച്ചും, വിസ്മയപ്പെടുത്തിയും, നൊമ്പരപ്പെടുത്തിയും ഒക്കെ കടന്ന് പോയ അനേകം വർഷങ്ങൾക്ക് ജീവൻ നല്‍കിയ ആ മഹാപ്രതിഭയുടെ, നമ്മുടെ സ്വന്തം ലാലേട്ടന്‍റെ ജന്മദിനം ഒരോ മലയാളികൾക്കും ആഘോഷമാണ്. ഏഴ് വയസ്സുകാരനും എഴുപത് വയസ്സുകാരനും ഒരു പോലെ ആരാധിക്കുന്ന ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തിന്, വിസ്മയത്തിന് ജന്മദിനാശംസകൾ.