1999ല്‍ പുറത്തിറങ്ങിയ 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന ചിത്രത്തിന് ശേഷം അഭിനയത്തോട് വിട പറഞ്ഞ് നടൻ ദിലീപിന്‍റെ ഭാര്യയായി 14 കൊല്ലം സിനിമയില്‍ നിന്ന വിട്ട് നിന്നപ്പോഴും മലയാളികളുടെ മനസ്സില്‍ എന്നും മഞ്ജു ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ മലയാള സിനിമാ പ്രേമികൾ ഓരോരുത്തരം കേട്ട് സന്തോഷിച്ച ഒരു വാർത്തയായിരുന്നു മഞ്ജു വാര്യർ സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്നുള്ളത്.
വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം മറികടന്ന് 2014ല്‍ പുറത്തിറങ്ങിയ 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലേക്കുള്ള തന്‍റെ രണ്ടാം വരവിന് തുടക്കം കുറിച്ചത്. അവിടെ നിന്ന് മലയാളിയുടെ പ്രിയപ്പെട്ട നായികയായി, ലേഡി സൂപ്പർ സ്റ്റാറായി മഞ്ജു മാറിയിട്ട് അഞ്ച് വർഷം തികയുന്നു. ഈ വേളയില്‍ 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജു തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
''സിനിമാഭിനയജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെപ്പോലെ ഓര്‍ക്കുന്നു. വ്യക്തിപരമായ ഒരുപാട് സന്തോഷം നല്‍കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് 'ഹൗ ഓള്‍ഡ് ആര്‍ യു' എനിക്ക് പ്രിയപ്പെട്ടതാകുന്നത്. സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു. തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് 'ഹൗ ഓള്‍ഡ് ആര്‍ യു' 'എത്ര വയസായി' എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു'', മഞ്ജു പറയുന്നു.
- " class="align-text-top noRightClick twitterSection" data="">
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'ഹൗ ഓൾഡ് ആർ യു' 2014 മേയ് 17നാണ് തിയേറ്ററുകളിൽ എത്തിയത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്‍റെ തിരക്കഥ നിർവ്വഹിച്ചത്. മഞ്ജു വാര്യർക്ക് ഒപ്പം കുഞ്ചാക്കോ ബോബൻ, കനിഹ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനായിരുന്നു നിർമ്മാണം.