കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (കെഎംഎഫ്) സംഘടിപ്പിക്കുന്ന സംഗീത വിരുന്നായ കരുണ മ്യൂസിക് കൺസെർട്ടിന്‍റെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി നടൻ മമ്മൂട്ടി. കൊച്ചി മ്യൂസിക് ഫെസ്റ്റിവലിന് മുന്നോടിയായി നടത്തുന്ന ഈ പരിപാടിയുടെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് കെഎംഎഫിന്‍റെ തീരുമാനം.
കേരളം കണാനിരിക്കുന്ന ഏറ്റവും വലിയ മ്യൂസിക് കൺസെർട്ടായിരിക്കും കരുണ. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പരിപാടിയിൽ ഇന്ത്യയൊട്ടാകെയുള്ള അൻപതോളം പ്രഗത്ഭരായ സംഗീതജ്ഞരാണ് പങ്കെടുക്കുന്നത്.
ശരത്ത്, ബിജിബാൽ, അനുരാധ ശ്രീരാം, ഷഹബാസ് അമൻ, ഗോപി സുന്ദർ, ജാസി ഗിഫ്റ്റ്, അൽഫോൺസ് ജോസഫ്, ഷാൻ റഹ്മാൻ, റെക്സ് വിജയൻ, രാഹുൽ രാജ്, സിതാര കൃഷ്ണകുമാർ, നജീം അർഷാദ്, സയനോര ഫിലിപ്പ്, വിധു പ്രതാപ് തുടങ്ങി നിരവധി പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.