മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ഉണ്ണി മുകുന്ദന്‍റെയും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഉണ്ണിമുകുന്ദന്‍റെ പുതിയ ജാവ ബൈക്കില്‍ സ്റ്റൈലായി ഇരിക്കുന്ന മമ്മൂട്ടിയും പിറകിലിരിക്കുന്ന ഉണ്ണി മുകുന്ദനുമാണ് ചിത്രങ്ങളിലുള്ളത്. ശ്രീനാഥ് ഉണ്ണികൃഷ്ണൻ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
'ട്രിപ്പിങ് വിത്ത് ചങ്ക് ബ്രോയ്' എന്ന തലക്കെട്ടോടെ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ചിത്രങ്ങൾക്ക് ലഭിച്ച രസകരമായ ട്രോളുകളും താരം പങ്കുവച്ചിട്ടുണ്ട്. 'നമ്മൾ ഒരു ബൈക്ക് വാങ്ങിയാൽ അത് ആദ്യം ഓടിക്കുന്നത് നമ്മുടെ ചങ്ക് ആയിരിക്കും' എന്ന ക്യാപ്ഷനോടെയാണ് ട്രോളുകൾ ഇറങ്ങിയിരിക്കുന്നത്. 'മാമാങ്കം' സിനിമയുടെ സെറ്റിലാണ് രസകരമായ ചിത്രങ്ങള്‍ പിറന്നത്.
അറുപതുകളിലേയും എഴുപതുകളിലേയും രാജാവായിരുന്ന ജാവയുടെ തിരിച്ചെത്തിയ പതിപ്പാണ് ഉണ്ണി മുകുന്ദൻ സ്വന്തമാക്കിയത്. മഹീന്ദ്രയുടെ കീഴിൽ രണ്ട് പുതിയ ജാവകളാണ് പുറത്തിറങ്ങിയത്. ജാവ 42, ജാവ എന്നീ പേരിൽ കമ്പനി പുറത്തിറക്കിയ ബൈക്കുകളുടെ വില 1.55 ലക്ഷവും 1.64 ലക്ഷം രൂപയുമാണ്.