നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതം. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങള്‍. ശരീര ഭാഷയിലെ കയ്യടക്കം കൊണ്ടും സൂക്ഷ്‌മമായ ഭാവാഭിനയം കൊണ്ടും പ്രേക്ഷകനെ വിസ്‌മയിപ്പിച്ച പകരം വയ്‌ക്കാനില്ലാത്ത അഭിനയ പ്രതിഭ.
ഒരിടത്തൊരു ഫയല്‍വാനിലെ ശിവന്‍ പിള്ള, ഭരതത്തിലെ കള്ളിയൂർ രാമനാഥൻ, തേന്മാവിൻ കൊമ്പത്തിലെ ശ്രീകൃഷ്‌ണൻ, വന്ദനത്തിലെ പ്രൊഫസർ കുര്യൻ ഫെർണാണ്ടസ്, ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ ഉദയ വർമ തമ്പുരാൻ, ചിത്രത്തിലെ കൈമൾ വക്കീൽ തുടങ്ങി നെടുമുടി വേണു അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍.
സ്‌കൂൾ അധ്യാപകനായ പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്‍മക്കളില്‍ ഇളയ മകനായായി 1948 മെയ് 22ന് ജനനം. എൻഎസ്എസ് ഹൈസ്‌കൂള്‍ നെടുമുടി, സെന്‍റ് മേരീസ് ഹൈസ്‌കൂള്‍ ചമ്പക്കുളം എന്നിവിടങ്ങളിലായി സ്‌കൂള്‍ പഠനം. ആലപ്പുഴ എസ്.ഡി കോളജിൽ നിന്ന് ബിരുദം നേടിയ ശേഷം നാടക രംഗത്ത് സജീവമായി. ഇതിനിടെ കുറച്ച് കാലം പത്രപ്രവര്‍ത്തകനായും പാരലൽ കോളജ് അധ്യാപകനായും ജോലി ചെയ്‌തു.
കാവാലത്തിന്‍റെ കളരിയില്‍ നിന്ന്
കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കരുമായുള്ള അടുപ്പമാണ് നെടുമുടി വേണുവിനെ മലയാള സിനിമയിലേക്കെത്തിച്ചത്. 1978ല്‍ ജി അരവിന്ദന്‍റെ തമ്പിലൂടെ സിനിമ ജീവിതം ആരംഭിച്ചു. ഭരതന്‍റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിയ്ക്കപ്പെട്ടു. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള ചലചിത്ര മേഖലയില്‍ നിറഞ്ഞു നിന്ന അദ്ദേഹം ഒരേ സമയം നായകനായും സഹനടനായും വില്ലനായും തിളങ്ങി.
എ വിൻസന്‍റ്, പി.എൻ മേനോൻ, കെ.എസ് സേതുമാധവൻ, ഭരതൻ, പത്മരാജൻ, കെ.ജി ജോർജ് തുടങ്ങിയ പ്രതിഭാധനരായ സംവിധായകരുടെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു. ഫാസിൽ, പ്രിയദർശൻ, കമൽ, സിബി മലയിൽ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരുടെ ആദ്യ ചിത്രങ്ങളില്‍ അഭിനയിയ്‌ക്കാന്‍ നെടുമുടി വേണുവിന് അവസരം ലഭിച്ചു.
ഹിസ് ഹൈനസ് അബ്‌ദുള്ള, ചാമരം, വിടപറയും മുമ്പേ, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഭരതം, സാന്ത്വനം, തേന്മാവിൻ കൊമ്പത്ത്, മാർഗം തുടങ്ങിയ സിനിമകളിലെ അഭിനയ മികവിന് നിരവധി പുരസ്‌കാരങ്ങള്‍ നെടുമുടി വേണുവിനെ തേടിയെത്തി. ഹിസ് ഹൈനസ് അബ്‌ദുള്ള എന്ന ചിത്രത്തിലെ പ്രകടനത്തിന് 1990ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും മാർഗത്തിലെ അഭിനയത്തിന് 2003ല്‍ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അര്‍ഹനായി.
1981, 1987, 2003 എന്നി വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം ലഭിച്ചു. മിനിസ്ക്രീൻ പരമ്പരകളിലും സജീവമായിരുന്ന നെടുമുടി വേണുവിന് അവസ്ഥാന്തരങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. പാച്ചി എന്ന അപരനാമത്തില്‍ 7 ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച അദ്ദേഹം പൂരം എന്ന സിനിമ സംവിധാനം ചെയ്‌തു.
ഒടിടി റിലീസായും തിയേറ്ററുകളിലും പുറത്തിറക്കിയിരുന്ന ആണും പെണ്ണും എന്ന സിനിമയിലാണ് അദ്ദേഹം ഒടുവിലായി അഭിനയിച്ചത്. ആന്തോളജി സിനിമയായി ഇറങ്ങിയ സിനിമയിലെ റാണി എന്ന സെഗ്‌മെന്‍റിലെ നെടുമുടി വേണുവിന്‍റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഡോ. ബിജു സംവിധാനം ചെയ്യുന്ന ഓറഞ്ച് മരങ്ങളുടെ വീട് എന്ന സിനിമയിലും പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ-പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിലും കമൽ ഹാസന്‍റെ ഇന്ത്യൻ 2 വിലും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ട്.
അഭിനേതാവ് എന്നതിനപ്പുറം നാടൻപാട്ട്, കഥകളി, മൃദംഗം, നാടകം എന്നി മേഖലകളിൽ തിളങ്ങിയ ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടി വേണുവെന്ന കലാകാരൻ. നെടുമുടി വേണു വിടവാങ്ങുമ്പോള്‍ മലയാള സിനിമയ്‌ക്ക് നഷ്‌ടമാകുന്നത് ഏത് വേഷവും അഭിനയിപ്പിച്ച് ഫലിപ്പിക്കാനുള്ള അസാമാന്യ വൈഭവമുള്ള അഭിനേതാവിനെയാണ്. കലാരംഗത്തിന് ഒരു ബഹുമുഖ പ്രതിഭയേയും.
Also read: നടന്‍ നെടുമുടി വേണു അന്തരിച്ചു