നടനും സംവിധായകനുമായ മധുപാല്‍ മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. മധുപാലിന്‍റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ നേർന്ന് കൊണ്ടാണ് വാർത്ത പ്രചരിക്കുന്നത്.
ഈയടുത്ത് കോഴിക്കോട് വച്ച് നടന്ന ഒരു പൊതുചടങ്ങില്‍ മധുപാല്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിച്ചിരുന്നു. ''കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നമ്മൾ കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടത്. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്‍റെ ചതുരത്തിൽ നിർത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം,''എന്നായിരുന്നു മധുപാലിന്‍റെ വാക്കുകൾ.
മധുപാലിന്‍റെ ഈ വാക്കുകൾ സമൂഹമാധ്യങ്ങളില്‍ വളച്ചൊടിക്കപ്പെട്ടു. ഇതിനെതിരെ മധുപാല്‍ പ്രതികരിച്ചിരുന്നു. ''ഇവിടെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്യ്രമുണ്ട്. ഈ അഭിപ്രായ സ്വാതന്ത്യ്രത്തെ ഖണ്ഡിക്കാൻ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങൾ ഉപയോഗിക്കുന്നത് അടുത്ത കാലത്ത് കണ്ടു. ദേശഭക്തിയും രാജ്യസ്നേഹവും നിലനിർത്തി കൊണ്ട് തന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാൻ ധൈര്യമുള്ളവരാകണം. അതിന് കഴിയാത്ത കാലം നമ്മുടെ മരണമാണ്,'' മധുപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിറകെയാണ് അദ്ദേഹം മരിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയത്.