കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ കേരളത്തിന്‍റെ മികവ് ഒന്നാം തരംഗത്തിൽ മാത്രമല്ല, ഇപ്പോഴത്തെ അതിതീവ്ര വ്യാപന സാഹചര്യത്തിലും ചർച്ചയാവുകയാണ്. രാജ്യം ജീവവായു കിട്ടാതെ ശ്വാസം മുട്ടിമരിക്കുമ്പോൾ ഓക്‌സിജൻ പ്ലാന്‍റുകളുടെ നിർമാണത്തിന് പ്രാധാന്യം നൽകിയ കേരളം എങ്ങനെ വ്യത്യസ്തമാവുന്നുവെന്ന് ദേശീയ മാധ്യമങ്ങളടക്കം ചർച്ച ചെയ്തിരുന്നു. ഇപ്പോഴിതാ, കന്നഡയിലെ പ്രമുഖതാരവും സാമൂഹികപ്രവർത്തകനുമായ ചേതൻ കുമാർ പങ്കുവക്കുന്നതും സമാനമായ കാഴ്‌ചപ്പാടാണ്. മോദിയല്ലെങ്കിൽ പിന്നെയാര് എന്ന് ചോദിക്കുന്നവർ, പിണറായി വിജയൻ എന്ന് ഗൂഗിൾ ചെയ്ത് നോക്കൂവെന്ന് കന്നഡ നടന്‍ ചേതന്‍ കുമാര്‍ പറഞ്ഞു.
'ഇന്ത്യയിൽ ഓക്‌സിജൻ ദൗർലഭ്യം ഭീതിതമാണ്. 2020ലെ കൊവിഡിൽ നിന്നും പഠിച്ച കേരളമാകട്ടെ ഇക്കൂട്ടത്തിൽ നിന്നും വ്യത്യസ്‌തമാകുന്നു. ഓക്‌സിജൻ പ്ലാന്‍റുകൾക്ക് അവർ പണം ചെലവഴിച്ചു. ഓക്‌സിജൻ വിതരണം 58 ശതമാനം വർധിപ്പിച്ചു. ഇപ്പോൾ കർണാടകയ്ക്കും തമിഴ്‌നാട്ടിനും ഗോവയ്ക്കും ഓക്‌സിജൻ വിതരണം ചെയ്യുന്നു. കേരള മോഡൽ= റോൾ മോഡൽ. മോദിയല്ലെങ്കിൽ പിന്നെയാരെന്ന് ചോദിക്കുന്നവരോട്, പിണറായി വിജയൻ എന്ന് ഗൂഗിൾ ചെയ്യൂ'- എന്നാണ് ചേതൻ കുമാറിന്‍റെ ട്വീറ്റ്.
Also Read: ഓക്‌സിജൻ കരുതലിൽ കേരളം മുന്നിൽ; ദിനംപ്രതി ഉപയോഗത്തിന്‍റെ ഇരട്ടി നിർമാണം
കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം ഉൾപ്പെടുത്തിയാണ് താരം പ്രശംസിച്ചത്. 2007 മുതൽ കന്നഡ സിനിമകളിൽ സജീവമായ നടന്‍ ചേതൻ അഹിംസ എന്ന പേരിലും അറിയപ്പെടുന്നു. ചിരഞ്ജീവി സർജയ്ക്കൊപ്പമുള്ള രണം ആണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. റമ്മി, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ സിനിമാതാരങ്ങൾ അഭിനയിക്കുന്നതിനെതിരെയും അദ്ദേഹം മുൻപ് ശബ്ദമുയർത്തിയിട്ടുണ്ട്.
കേരളത്തിൽ നിലവില്‍ 204 മെട്രിക് ടണ്‍ ഓക്‌സിജനാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഓക്‌സിജന്‍ ക്ഷാമത്തിൽ പ്രതിസന്ധിയിലായ ഗോവയുൾപ്പടെയുള്ള അയൽസംസ്ഥാനങ്ങൾക്ക് ലിക്വിഡ് ഓക്‌സിജന്‍ നല്‍കി കേരളം സഹായമെത്തിച്ചിരുന്നു.