സൂര്യ നായകനായെത്തിയ ജയ് ഭീമിനെ വാനോളം പുകഴ്‌ത്തി മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മനുഷ്യ ജീവിതത്തിലെ ചോര കിനിയുന്ന ഒരു ഏടാണ് ജയ് ഭീം എന്നാണ് കെ.കെ ശൈലജ പറയുന്നത്. ചിത്രത്തില്‍ സെങ്കണി എന്ന ശക്തമായ സ്‌ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ലിജോമോൾ ജോസഫിന്‍റെ അഭിനയത്തെയും കെകെ ശൈലജ പ്രശംസിക്കുന്നുണ്ട്.
ചിത്രത്തിലെ അഭിനയത്തിന് ലിജോ മോള്‍ക്ക് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക എന്നാണ് ശൈലജ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ജയ് ഭീം ടീമിനെയും ചിത്രത്തെയും പുകഴ്‌ത്തി മുൻ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
സെങ്കിണി എന്ന ശക്തയായ സ്‌ത്രീ കഥാപാത്രത്തിന്‍റെ സാന്നിധ്യം ചിത്രത്തിന്‍റെ ഔന്നിത്യം വര്‍ദ്ധിപ്പിക്കുന്നുവെങ്കില്‍ രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠൻ മനസ്സിൽ നിന്ന് അത്രവേഗത്തിൽ മാഞ്ഞു പോകില്ലെന്നാണ് മട്ടന്നൂർ എംഎല്‍എയായ കെകെ ശൈലജ കുറിച്ചത്. അതോടൊപ്പം പ്രകാശ് രാജിനെയും പൊലീസുകാരുടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെയും അവർ അഭിനന്ദിച്ചു. മനുഷ്യ മന:സ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഈ സിനിമ നിർമ്മിച്ച സൂര്യക്കും ജ്യോതികയ്ക്കും നന്ദി പറയാനും കെകെ ശൈലജ മറന്നില്ല.
'ജയ് ഭീം മനുഷ്യ ജീവിതത്തിലെ ചോര കിനിയുന്ന ഒരു ഏടാണ്. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ഫ്യൂഡൽ ജാതി വിവേചനത്തിന്‍റെയും ഭരണകൂട ഭീകരതയുടെയും നേർകാഴ്ചയാണത്. ലോകത്തിന്‍റെ പലഭാഗങ്ങളിലും മനുഷ്യത്വ രഹിതമായ മേൽകോയ്മയുടെ ദുരനുഭവങ്ങള്‍ നാം കാണുന്നുണ്ട്. സമഭാവനയുടെ കണിക പോലും മനസ്സിൽ ഉണരാതിരിക്കുമ്പോൾ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യ മനസ്സിന് വിഹരിക്കാൻ കഴിയും എന്നതിന്‍റെ ഉദാഹരണമാണ് കടുത്ത പൊലീസ് മർദ്ദന മുറകൾ ചൂണ്ടികാട്ടുന്നത്. അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തെ ജയിലുകളും പൊലീസ് സ്റ്റേഷനുകളും വേദിയായത് ജയ്ഭീമിൽ കണ്ട ഭീകര മർദ്ദന മുറകൾക്കാണ്.
സ്വാതന്ത്ര്യത്തിന്‍റെ ദീർഘമേറിയ വർഷങ്ങൾ പിന്നിട്ടിട്ടും അംബേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സമത്വത്തിലൂന്നിയ ഭരണഘടനയുണ്ടായിട്ടും അധ:സ്ഥിതർക്ക് വെളിച്ചത്തിലേക്ക് വരാൻ കഴിയാത്തത് ഇന്ത്യയുടെ ഭരണ നയത്തിലുള്ള വൈകല്യം മൂലമാണ്. ജസ്റ്റിസ് ചന്ദ്രു എന്ന കമ്മൂണിസ്റ്റ്, പാവങ്ങൾക്ക് വേണ്ടി നടത്തിയ നിയമ പോരാട്ടത്തിന്‍റെ യഥാർത്ഥ അനുഭവങ്ങളാണ് ജ്ഞാനവേൽ സിനിമയ്ക്ക് ആധാരമാക്കിയതും സൂര്യയുടെ അതുല്യമായ പ്രകടനത്തിൽ ജീവിതത്തിന്‍റെ നേർകാഴ്ചയായതും.
ലിജോമോൾ ജോസഫ് സെങ്കണിയായി പരകായ പ്രവേശനം ചെയ്യുകയായിരുന്നു. ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാർഡ് നൽകിയാലാണ് മതിയാവുക. ശക്തമായ സ്‌ത്രീ കഥാപാത്രത്തിന്‍റെ സാന്നിദ്ധ്യം സിനിമയുടെ ഔന്നത്യം വർദ്ധിപ്പിക്കുന്നു. രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠൻ മനസ്സിൽ നിന്ന് അത്രവേഗത്തിൽ മാഞ്ഞു പോകില്ല. പ്രകാശ് രാജും പൊലീസുകാരുടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും എല്ലാം ഒന്നിനൊന്നു മെച്ചം.
മാർക്സാണ് എന്നെ അംബേദ്കറിൽ എത്തിച്ചതെന്നു പറഞ്ഞ യഥാർഥ ചന്ദ്രു (ജസ്റ്റിസ് ചന്ദ്രു) നാടിന്‍റെ അഭിമാനമായി മാറുന്നു. മനുഷ്യ മന:സ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഈ സിനിമ നിർമ്മിച്ച സൂര്യക്കും ജ്യോതികയ്ക്കും നന്ദി.' -കെ.കെ ശൈലജ കുറിച്ചു.
Also Read: പുലിമുരുകന് ശേഷം 'മോണ്‍സ്‌റ്റര്‍'; ലക്കി സിങ് ആയി മോഹന്‍ലാല്‍