കൊച്ചി: ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയില്‍. നിലവിലെ ആരോഗ്യസ്ഥിതിയുടെ പരിമിതികളില്‍ നിന്നുകൊണ്ട് അഭിനയിക്കാവുന്ന ഒരു പരസ്യചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ മടങ്ങി വരവ്. ജഗതിയെ സാക്ഷിയാക്കി മലയാളത്തിന്‍റെ സൂപ്പർതാരങ്ങൾ മമ്മൂട്ടിയും മോഹൻലാലും പരസ്യ ചിത്രം റിലീസ് ചെയ്തു.
ക്രൗൺ പ്ലാസയില്‍ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സൂപ്പർ താരങ്ങൾ പരസ്യചിത്രത്തിന്‍റെ പ്രകാശനം നിർവ്വഹിച്ചത്. ജഗതി ശ്രീകുമാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ഫേസ്ബുക്ക് പേജ് ഉദ്ഘാടനവും പ്രസ്തുത ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നിര്‍വഹിച്ചു. ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കാന്‍ സാധിച്ച സിനിമകളെല്ലാം തന്റെ മനസിലുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ജഗതി ശ്രീകുമാറിന്റെ നാമധേയത്തില്‍ ഒരു ഷോട്ടെങ്കിലും ഉള്‍പ്പെടുത്തി പുതിയ സംരംഭം ആരംഭിച്ചതിന് മോഹന്‍ലാല്‍ നന്ദി പറഞ്ഞു. ഏഴ് വര്‍ഷമായി സിനിമയിലില്ലെങ്കിലും മലയാളികള്‍ എന്നും അമ്പിളി ചേട്ടനെ കണ്ടുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ജഗതി ശ്രീകുമാറിന്‍റെ തിരിച്ച് വരവ് നമ്മളെല്ലാം ഏറെ നാളായി കാത്തിരിക്കുന്ന ഒന്നായിരുന്നെന്ന് മമ്മൂട്ടി പറഞ്ഞു. പൊട്ടിച്ചിരിയുടെ മാത്രമല്ല, എല്ലാ വികാരങ്ങളുടെയും വിളനിലമായിരുന്നു ജഗതിയെന്നും മമ്മൂട്ടി പറഞ്ഞു.
വാഹനാപകടത്തെ തുടർന്ന് അതീവ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാർ ഇപ്പോഴും ചികിത്സയിലാണ്. ജഗതിയെ വീണ്ടും ക്യാമറക്ക് മുമ്പില്‍ എത്തിക്കുന്നത് അദ്ദേഹത്തിന്‍റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. ചടങ്ങില്‍ സായ് കുമാര്‍, കെപിഎസി ലളിത, വിനീത്, മനോജ് കെ ജയന്‍, പ്രേംകുമാര്‍, ബിന്ദു പണിക്കര്‍, മഞ്ജു പിള്ള, പൊന്നമ്മ ബാബു, രമേഷ് പിഷാരടി, മാമുക്കോയ, എസ് എന്‍ സാമി, എം രഞ്ജിത്, ദേവന്‍, സുരേഷ് കുമാര്‍, അബു സലിം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.