25 -ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ലെമോഹാങ് ജെർമിയ മൊസെസെ സംവിധാനം ചെയ്ത ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ് ഈസ് എ റിസ്‌റക്ഷൻ നേടി. അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനിൽപ്പാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചുരുളി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര മത്സര വിഭാഗത്തിൽ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അർഹനായി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലോൺലി റോക്കിന്‍റെ സംവിധായകൻ അലഹാൻഡ്രോ റ്റെലമാക്കോ ടറാഫ് നേടി. മികച്ച സംവിധായകനുള്ള രജത ചകോരം ദി നെയിംസ് ഓഫ് ദി ഫ്‌ളവേഴ്‌സിന്‍റ സംവിധായകൻ ബാഹ്‌മാൻ തവോസിക്കാണ്.
മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് അസർബൈജാൻ ചിത്രം ഇൻ ബിറ്റ് വീൻ ഡയിങ് നേടി. ഹിലാൽ ബൈഡ്രോവ് ആണ് ചിത്രത്തിന്‍റെ സംവിധായകൻ. ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്‌ത ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ- കെ.ആര്‍ മോഹനന്‍ പുരസ്‌കാരം അക്ഷയ് ഇൻഡിക്കറിനാണ് (ചിത്രം സ്ഥൽ പുരാൻ). മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഈ ചിത്രത്തിനാണ്. മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം വിപിൻ ആറ്റ്ലി സംവിധാനം ചെയ്‌ത മ്യൂസിക്കൽ ചെയർ നേടി.