മലയാളിയുടെ ഗസല്‍ ആസ്വാദന ശീലങ്ങളെ ജനകീയമാക്കിയ ഗായകൻ പി എ അബു എന്ന ഉമ്പായി വിട പറഞ്ഞിട്ട് ഒരു വർഷം. അദ്ദേഹത്തിന്‍റെ ലാളിത്യവും വികാരസാന്ദ്രതയും കലര്‍ന്ന ആലാപന ശൈലി കേരളത്തില്‍ വലിയതോതില്‍ ഗസല്‍ ആസ്വാദകരെ സൃഷ്ടിച്ചിരുന്നു.
മട്ടാഞ്ചേരി പടിഞ്ഞാറെ വീട്ടിൽ അബുവിന്റെയും ഫാത്തിമയുടെയും മകനായി 1950 ജൂൺ 10നാണ് ഉമ്പായി ജനിച്ചത്. കൊച്ചി കടപ്പുറത്ത് തോണിപ്പണിക്കാരന്‍റെ മകന്‍ നാടറിയുന്ന ഗസല്‍ ഗായകനായതിന്‍റെ പിന്നില്‍ ഒരുപാട് കഷ്ടപ്പാടും കഠിനാധ്വാനവുമുണ്ട്. തബല വാദകനായി സംഗീതലോകത്ത് പ്രവേശിച്ച ഉമ്പായി ബോംബെയിലെത്തി ഉസ്താത് മുജാവര്‍ അലിയുടെ ശിക്ഷണത്തില്‍ തബല അഭ്യസിച്ചു. അദ്ദേഹത്തിന്‍റെ ആലാപന മികവ് തിരിച്ചറിഞ്ഞ ഗുരുവാണ് ഉമ്പായിയെ ഗസലിന്‍റെ വഴിയിലേക്ക് നയിച്ചത്. മലയാളത്തില്‍ ആദ്യമായി ഗസല്‍ സംഗീത ട്രൂപ്പ് ആരംഭിച്ചതും 'പ്രണാമം' എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം പുറത്തിറക്കിയതും ഉമ്പായിയായിരുന്നു. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ അദ്ദേഹം തന്‍റെ തനതായ ഗസല്‍ ആലാപന ശൈലികൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഉന്നതന്മാരും വിദ്യാസമ്പന്നരും കേൾക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്ന ഗസലിനെ സാധാരണക്കാരുടെ ഹൃദയത്തിലേക്ക് എത്തിക്കാനും ഉമ്പായിക്ക് കഴിഞ്ഞിരുന്നു.
ഉമ്പായിയുടെ ഗാനങ്ങൾക്ക് എന്നും വേറിട്ട സ്ഥാനമുണ്ട് സംഗീതാസ്വാദകർക്കിടയില്‍. വീണ്ടും പാടാം സഖീ, പാടുക സൈഗാൾ പാടു, തുടങ്ങി അദ്ദേഹത്തിന്‍റെ 20 ഓളം ആല്‍ബങ്ങൾ മലയാളികൾ നെഞ്ചേറ്റി വാങ്ങി. ഉമ്പായി വിട പറഞ്ഞ് ഒരു വർഷം തികയുമ്പോഴും ആ ഗാനങ്ങൾ എക്കാലവും ആരാധകുടെ മനസില്‍ തങ്ങി നില്‍ക്കും.